NEWS UPDATE

6/recent/ticker-posts

പനയാല്‍ കാട്ടിയടുക്കത്തെ ദേവകി വധം: നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(60)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരു സൂചനയുമില്ല. ഈ കേസില്‍ ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം എങ്ങുമെത്താതെ പോകുകയായിരുന്നു.[www.malabarflash.com] 

2017 ജനുവരി 13നാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ദേവകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പാവാട കൊണ്ട് മുറുക്കിയാണ് ദേവകിയെ കൊലപ്പെടുത്തിയത്. അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എ. ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സി.ഐയായിരുന്ന വി വിശ്വംഭരനാണ് ആദ്യം കേസ് അന്വേഷിച്ചത്. 

ശാസ്ത്രീയ അന്വേഷണങ്ങളില്‍ തുമ്പ് ലഭിച്ചെങ്കിലും പ്രതിയെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവ് അന്വേഷണസംഘത്തിന് കിട്ടിയിരുന്നില്ല. മൃതദേഹത്തിനടുത്ത് കണ്ടെത്തിയ തലമുടിയുടെ ഡി.എന്‍.എ പരിശോധന വരെ നടത്തിയെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. 

അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി, ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷക സംഘം വിപുലീകരിച്ചിരുന്നു. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. 

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണം പോലെ തന്നെ ക്രൈംബ്രാഞ്ചിനും ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങാനായില്ല. ഒരു ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് ദേവകിയെ കൊലപ്പെടുത്തിയതെന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോള്‍ വഴിമുട്ടിയ നിലയിലാണുള്ളത്. 

ദേവകിക്ക് ശേഷം പെരിയ ആയമ്പാറയിലെ സുബൈദയും ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയും കൊല്ലപ്പെട്ട കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ വിചാരണ പൂര്‍ത്തിയായിട്ടും ദേവകി വധം തെളിയാക്കേസുകളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്.

Post a Comment

0 Comments