Top News

മകൾക്ക് ഫോൺ നൽകിയ ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു

കൊല്ലം: മകൾക്ക് ​ഫോൺ വാങ്ങിനൽകി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ട ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വാപ്പാല പുരമ്പിൽ സ്വദേശിക്കെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം.[www.malabarflash.com]


ബന്ധുവീട്ടിൽ പോയപ്പോഴാണ് അനന്ദു അയൽവാസിയായ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. ഇതിനി​ടെ അനന്ദു പെൺകുട്ടിക്ക് മൊബെൽ ഫോൺ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണിൽ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.

വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം വിലക്കുകയും പോലീസിൽ അനന്ദുവിനെതിരെ പരാതി നൽകുകയും ചെയ്തു. ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ, അനന്ദുവാങ്ങിക്കൊടുത്ത ഫോൺ ഉപയോഗിച്ച് ഇരുവരും രഹസ്യമായി ബന്ധം തുടർന്നു. ഇത് പെൺകുട്ടിയുടെ പിതാവ് കണ്ടുപിടിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 10.30ന് അനന്ദുവിന്റെ വീടിന് സമീപം ഒളിച്ചിരുന്ന ഇയാൾ അനന്ദു വീടിന് പുറത്തിറങ്ങിയപ്പോൾ കാലിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ പെൺകുട്ടിയുടെ പിതാവ് വെട്ടികത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അനന്ദു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ഒളിവിലാണ്. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post