NEWS UPDATE

6/recent/ticker-posts

'ആദാമിന്‍റെ മകൻ അബു'വിലെ കഥാപാത്രം ആബൂട്ടിക്ക നിര്യാതനായി

മട്ടന്നൂർ: ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച 'ആദാമിന്‍റെ മകൻ അബു' സിനിമയ്‌ക്ക്‌ പ്രേരണയായ കഥാപാത്രം അന്തരിച്ചു. മട്ടന്നൂർ പരിയാരം ഹസ്സൻ മുക്കിലെ ആബൂട്ടിക്ക എന്ന കെ.പി. ആബൂട്ടി (90) യാണ്​ ഞായറാഴ്‌ച രാവിലെ വിടവാങ്ങിയത്​.[www.malabarflash.com]


ആദാമിന്‍റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപത്രമായ അബുവിന് കെ.പി. ആബൂട്ടിക്കയുടെ രീതികളായിരുന്നു അവലംബിച്ചതെന്ന്​ സംവിധായകന്‍ സലീം അഹമദ്​ അനുസ്​മരിച്ചു. 'കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പലോടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്‍റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ' സലീം അഹമ്മദ് അനുസ്​മരണക്കുറിപ്പിൽ എഴുതി.

അബുവായി സിനിമയിൽ വേഷമിട്ട സലിംകുമാർ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. പുരസ്‌കാരം ലഭിച്ച​ ശേഷം സംവിധായകൻ സലീം അഹമദും നായകൻ സലിംകുമാറും ആബൂട്ടിയെ കാണാനെത്തിയിരുന്നു.

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ ചലച്ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു. വൃദ്ധനായ അത്തർ കച്ചവടക്കാരനായ അബുവിന്​ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള മോഹവും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

പാലോട്ടുപള്ളിയിലെ പരേതനായ മുഹമ്മദ് വലിയ മുസ്​ലിയാരുടെ മകനാണ്​ ആബൂട്ടി. ഭാര്യ: സുബൈദ. മക്കൾ: ഷിഹാബ്, സുമയ്യ, റമീസ്, ഷമ്മാസ്. മരുമക്കൾ: മുനീർ, നഫീസ. സഹോദരങ്ങൾ: കെ.പി. മുഹമ്മദ് (വെള്ളരിക്കുണ്ട് ) , പരേതരായ അലിയാർ, നബീസു, കദീസു, മറിയം.

Post a Comment

0 Comments