NEWS UPDATE

6/recent/ticker-posts

40 കോടിയുടെ കെട്ടിടം 9.18 കോടിക്ക് വിറ്റെന്ന പരാതി; ടോമിൻ തച്ചങ്കരി ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: 40 കോടി മൂല്യമുള്ള വ്യാപാരസമുച്ചയം വിലകുറച്ച് 9.18 കോടിക്ക് ലേലത്തിൽ വിറ്റെന്ന പരാതിയിൽ കെ.എഫ്.സി. മുൻ മാനേജിങ് ഡയറക്ടർ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുൾപ്പെടെ ഒമ്പതുപേർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.[www.malabarflash.com] 

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുസമീപത്തുള്ള പേൾ ഹിൽ ബിൽഡേഴ്‌സിന്റെ കെട്ടിടം വായ്പകുടിശ്ശികയായതിനെത്തുടർന്ന് ലേലത്തിൽ വിറ്റതിലാണ് നടപടി. മേയ് 16-നകം പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിനോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി മധുസൂദനൻ ഉത്തരവിട്ടത്.

40.06 സെന്റ് സ്ഥലത്ത് നിർമിച്ച 48.197 ചതുരശ്ര അടിയുള്ള കെട്ടിടമാണ് വിലകുറച്ച് വിറ്റതെന്ന് പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടർ പി.പി. അബ്ദുൾനാസർ നൽകിയ പരാതിയിൽ പറയുന്നു. വിപണിവിലയനുസരിച്ച് ഇവിടെ ഒരു സെന്റിന് 75 ലക്ഷംരൂപ ലഭിക്കും. അപ്പോൾ ഭൂമിവിലതന്നെ 30 കോടിയോളംവരും. കെട്ടിടത്തിന് ഒരു ചതുരശ്രഅടിക്ക്‌ രണ്ടായിരം രൂപവെച്ച് 10 കോടിയോളം വരുമെന്നും പരാതിക്കാരൻ പറയുന്നു. കെ.എഫ്.സി. ജനറൽ മാനേജറായിരുന്ന പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജറായിരുന്ന സി. അബ്ദുൽ മനാഫ് എന്നിവരാണ് പരാതിയിൽ പ്രതിചേർക്കപ്പെട്ട മറ്റ് രണ്ടുദ്യോഗസ്ഥർ.

2014-ൽ കെ.എഫ്.സി.യിൽനിന്ന് 4.89 കോടിരൂപ വായ്പയെടുത്താണ് നാസർ വ്യാപാരസമുച്ചയം പണിതത്. അഞ്ചുവർഷമായിരുന്നു വായ്പാകാലാവധി. 2.60 കോടിരൂപ തിരിച്ചടച്ചെങ്കിലും കുടിശ്ശിക ഒമ്പത് കോടിയിലെത്തിയിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനെത്തുടർന്നാണ് 2021 മാർച്ചിൽ ലേലത്തിൽ വിൽക്കുന്നത്. ഇ-ടെൻഡർ വിളിച്ചാണ് ലേലം നടത്തിയതെങ്കിലും ലേലം നടത്തുന്ന കാര്യം തന്നെ അറിയിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. ലേലമുറപ്പിച്ചത് കൊല്ലം സ്വദേശിയാണെങ്കിലും ലേലത്തിൽനിന്ന് പിൻവാങ്ങിയ ആളുടെ മകന്റെയടക്കം പേരിലാണ് രജിസ്റ്റർ ചെയ്ത് നൽകിയത്. 9.18 കോടിക്കാണ് ലേലത്തിനെടുത്തതെങ്കിലും 4.18 കോടിയേ അടച്ചുള്ളൂ. ബാക്കി അഞ്ചുകോടി വായ്പയായി നൽകുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹം നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരനുവേണ്ടി അഡ്വ. മോഹൻദാസ് കല്ലായി ഹാജരായി.

Post a Comment

0 Comments