NEWS UPDATE

6/recent/ticker-posts

വിദ്യാലയങ്ങളുടെ വികസനത്തിന് കാസർകോട് വികസന പാക്കേജിൽ 11.56 കോടി

കാസർകോട്: വിദ്യാലയങ്ങളുടെ വികസനത്തിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 11.56 കോടി രൂപ അനുവദിച്ചു. വിവിധ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന എട്ടുവിദ്യാലയങ്ങളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.[www.malabarflash.com]

ജി.എച്ച്.എസ്. കാലിച്ചാനടുക്കം, ജി.എച്ച്.എസ്. ബളാൽ, ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരി, ജി.എച്ച്.എസ്. അംഗഡിമൊഗർ, ജി.എച്ച്.എസ്. ബാരെ, ജി.ജെ.ബി.എസ്. പേരാൽ, ജി.എൽ.പി.എസ്. മുക്കൂട് എന്നീ സ്കൂളുകളിലാണ് അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളുയരുന്നത്. 

നിലവിൽ ഈ സ്കൂളുകളിൽ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത സാഹചര്യങ്ങൾ നിലവിലുള്ളതിനാലാണ് ഈ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്.

കെട്ടിടനിർമാണത്തിനുള്ള ഭരണാനുമതി കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി നൽകി. പനത്തടി പഞ്ചായത്തിലെ ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന് സ്കൂളിൽ അഞ്ച് ക്ലാസ് മുറികളോടുകൂടി നിർമിക്കുന്ന കെട്ടിടത്തിന് 2.10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സി. എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിയിൽ ഇരുനിലക്കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളോടൊപ്പം ലാബ്, ശൗചാലയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

1.6 കോടി രൂപ ചെലവിട്ട് കോടോം-ബേളൂർ പഞ്ചായത്തിലെ ജി.എച്ച്.എസ്. കാലിച്ചാനടുക്കം സ്കൂളിൽ നിർമിക്കുന്ന ഇരുനിലക്കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണുള്ളത്. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ കെട്ടിടത്തിന് ഇരുനിലകളിലുമായി 6.1 മീറ്റർ നീളവും 6.1 മീറ്റർ വീതിയുമുള്ള മൂന്ന് വീതം ക്ലാസ് മുറികളും ഇരുനിലകളിലും ശൗചാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബളാൽ പഞ്ചായത്തിലെ ജി.എച്ച്.എസ്. ബളാൽ സ്കൂളിന് ആറ്‌ ക്ലാസ് മുറികൾ, ശൗചാലയത്തോടും കൂടിയ ഇരുനിലക്കെട്ടിടനിർമാണത്തിന് 1.63 കോടി രൂപയാണ് അനുവദിച്ചത്.

അജാനൂർ പഞ്ചായത്തിലെ ജി.എൽ.പി.എസ്. മുക്കൂടിൽ 80 ലക്ഷം രൂപ ചെലവിട്ട് നാല് ക്ലാസ് മുറികളുൾപ്പെട്ട പുതിയ കെട്ടിടമാണ് നിർമിക്കുന്നത്.

1.65 കോടി രൂപ ചെലവിട്ട് ചെമ്മനാട് പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരിയിൽ ആറ് ക്ലാസ് മുറികളുള്ള ഇരുനിലക്കെട്ടിടമാണ് നിർമിക്കുന്നത്. ഇരുനിലകളിലുമായി 9.16 മീറ്റർ നീളവും ആറുമീറ്റർ വീതിയുമുള്ള മൂന്നുവീതം ക്ലാസ് മുറികളും ഇരുനിലകളിലും ശൗചാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉദുമ പഞ്ചായത്തിലെ ജി.എച്ച്.എസ്. ബാരെ സ്കൂളിന് ആറ്‌ ക്ലാസ് മുറികളോട് കൂടിയ കെട്ടിടം നിർമിക്കുന്നതിന് 86 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

എൽ.എസ്.ജി.ഡി. വകുപ്പ് നിർമിക്കുന്ന കെട്ടിടനിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുത്തിഗെ പഞ്ചായത്തിലെ ജി.എച്ച്.എസ്. അംഗഡിമൊഗർ സ്കൂളിൽ 1.98 ലക്ഷം രൂപ ചെലവഴിച്ച് 10 ക്ലാസ് മുറികളോട് കൂടിയ മൂന്നുനില കെട്ടിടമാണൊരുക്കുക. 6.1 മീറ്റർ നീളവും 6.06 മീറ്റർ വീതിയും വരുന്ന മൂന്ന് ക്ലാസ്‌മുറികൾ വീതം ഒന്ന്, രണ്ട് നിലകളിലും നാല് ക്ലാസ് മുറികൾ മൂന്നാംനിലയിലും ഒരുക്കും. 

പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സി.എൻജിനീയറാണ് നിർവഹണ ഉദ്യോഗസ്ഥൻ. എൽ.എസ്.ജി.ഡി. വിഭാഗത്തിന്റെ നേതൃത്വത്തിൽ 94 ലക്ഷം രൂപ ചെലവഴിച്ചാണ് കുമ്പള പഞ്ചായത്തിലെ ജി.ജെ.ബി.എസ്. പേരാലിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 6.1 മീറ്റർ നീളവും 6.1 മീറ്റർ വീതിയുമുള്ള അഞ്ച് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുണ്ടാവുക.

ഈ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അതത് പ്രദേശത്തെ എം.എൽ.എ.മാർ നിവേദനം നൽകിയിരുന്നു. പ്രവൃത്തി ഉടൻ ടെൻഡർ ചെയ്ത് നിർമാണം തുടങ്ങുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ്‌മോഹൻ അറിയിച്ചു.

Post a Comment

0 Comments