Top News

വൈറലാവാന്‍ ആംബുലന്‍സിലെത്തി വധുവരന്മാര്‍; സൈറണിട്ടുള്ള വിവാഹ ഓട്ടത്തിന് പണികൊടുത്ത് എംവിഡി

കായംകുളം:  വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍ (Ambulance) വധൂവരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡി നടപടിയെടുത്തത്.[www.malabarflash.com] 

മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമം ലംഘനം നടത്തിയത്.

വധുവുമായി വീട്ടിലേക്ക് ആംബുലൻസില്‍ എത്തണമെന്ന ആഗ്രഹം വരന്‍ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവാഹ വണ്ടിയായി ആംബുലന്‍സ് എത്തിയത്. കറ്റാനം ഓർത്തഡോക്സ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഈ രംഗങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ദൃശ്യങ്ങളാണ് എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രാൻസ്പോർട്ട് കമ്മീഷ്ണർ ആലപ്പുഴ ആർ.ടി.ഒ ആർ സജിപ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

Post a Comment

Previous Post Next Post