NEWS UPDATE

6/recent/ticker-posts

കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

കോട്ടയം: ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടതെന്ന് പോലീസ്. പ്രതിയായ ജോമോനെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. അടുത്തിടെ കാപ്പാ കേസില്‍ അപ്പീല്‍ നല്‍കി ഇയാള്‍ തിരിച്ചെത്തി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ ജോമോന് പരിഗണന ലഭിച്ചില്ല. തന്റെ മേധാവിത്വം നഷ്ടമാകുമെന്ന് ഭയന്നാണ് ജോമോന്‍ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.[www.malabarflash.com]


പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഷാനിനെ കാണാനില്ലെന്ന് അമ്മയും സഹോദരിയും പരാതി നല്‍കിയത്. പിന്നാലെ പോലീസ് വാഹന പരിശോധനയടക്കം ഊര്‍ജിതമാക്കി. 3.30-ഓടെയാണ് പോലീസ് സ്‌റ്റേഷന് മുന്നിലെത്തി ഒരാള്‍ ബഹളംവെച്ചത്. നോക്കിയപ്പോള്‍ മൃതദേഹവും കണ്ടതായും ജില്ലാ പോലീസ് മേധാവി എസ്.ശില്പ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല ഷാനിനെ മര്‍ദിച്ചതെന്നാണ് പ്രതിയുടെ മൊഴിയെന്നും ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എസ്.പി. വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജോമോന്‍ വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. പിന്നാലെ പോലീസെത്തി ജോമോനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാനിന്റെ ശരീരത്തില്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദനമേറ്റതിന്റെ നിരവധി പാടുകളുമുണ്ട്.

കാപ്പാ ചുമത്തി പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ പ്രാധാന്യം ഇല്ലാതായെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്ത് തിരിച്ചെത്തിയിട്ടും സുഹൃത്തുക്കളാരും ഇയാളുമായി സഹകരിക്കുകയും ചെയ്തില്ല. അതിനാല്‍ തന്റെ മേധാവിത്വം ഉറപ്പാക്കാന്‍ എതിരാളി സംഘത്തില്‍പ്പെട്ടവരെ ലക്ഷ്യമിടുകയായിരുന്നു. കൊല്ലപ്പെട്ട ഷാന്‍ബാബു മറ്റൊരു ഗുണ്ടയായ സൂര്യന്റെ സുഹൃത്താണ്. ജോമോനും സൂര്യനും കോട്ടയത്ത് ഗുണ്ടാസംഘങ്ങളുണ്ട്. സൂര്യന്‍ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായാണ് പോലീസിന്റെ സംശയം. പ്രതി ജോമോനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേര്‍ വൈകാതെ പിടിയിലാകുമെന്നും സൂചനയുണ്ട്. 

കൊല്ലപ്പെട്ട ഷാന്‍ബാബുവിന്റെ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ കോട്ടയത്തെ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളൊന്നുമില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കേസുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കോട്ടയത്തെ സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments