Top News

മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം; നടപടിക്ക് നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നുവെന്ന പരാതിയില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.[www.malabarflash.com]

‘ബുള്ളി ഭായ്‌’ എന്ന പുതിയ ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടക്കുന്നതായാണ് ആരോപണം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണം നടക്കുന്നുവെന്ന ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. പരിചയമില്ലാത്ത ചിലര്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ ഇടുകയും മോശമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതായാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്.

മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വച്ചാണ് ഇത്തരം കൃത്യങ്ങളെന്നും താനുള്‍പ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങള്‍ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post