NEWS UPDATE

6/recent/ticker-posts

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും: വ്യാഴാഴ്ചവരെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്‌

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി.[www.malabarflash.com] 

ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. 

ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.  

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.  

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേര്‍ത്തിട്ടുണ്ട്. മുന്‍പ് ചുമത്തിയ വകുപ്പുകളില്‍ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരായത്. 

ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വളരെ വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കേസിന്റെ വിചാരണ വേളയില്‍ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷന്‍ നടത്തിയത്. അതേ സമയം കേസ് വാദം ആരംഭിച്ച് വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു. 

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസ്‌ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. 

അതേസമയം ശരത്തിന്റെ ജാമ്യ ഹര്‍ജി ഇതോടൊപ്പം പരിഗണിക്കരുത്. ശരത്ത് ഈ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. അന്വേഷണം തടയാന്‍ ചില നീക്കങ്ങള്‍ നടത്തിയതായി പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ ഇത് അന്വേഷണത്തെ എങ്ങനെ തടയുമെന്ന് കോടതി ചോദിച്ചു. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തെ ബാധിക്കുന്ന വിധി ഉണ്ടാകില്ലെന്ന് വാദ പ്രതിവാദങ്ങള്‍ക്കിടെ കോടതി വ്യക്തമാക്കിയിരുന്നു.  

കേസുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങളാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പൂര്‍വകാല ചരിത്രമടക്കം ഈ കേസുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതുണ്ട് എന്ന പ്രോസിക്യൂഷന്‍ വാദത്തേയും കോടതി അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് ചില വിവരങ്ങള്‍ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്നതാണ് കോടതിക്ക് മുന്നിലുണ്ടായിരുന്നത്. 

ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം. അതിന് ശേഷം കസ്റ്റഡി ആവശ്യമുണ്ടോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. 

എന്നാല്‍ പ്രതികളെ ഇത്തരത്തില്‍ ചോദ്യം ചെയ്ത് വിട്ട് അയക്കുന്നതിനോടുള്ള എതിര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് കേസിന്റെ പുരോഗതിയെ ബാധിക്കും. ചോദ്യം ചെയ്ത് വിട്ടയച്ചാല്‍ ഇവര്‍ വീണ്ടും ഒത്തുകൂടുകയും അടുത്ത ദിനവസം എന്ത് പറയണം എന്നതടക്കമുള്ള കാര്യങ്ങള്‍ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് വരുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഞ്ച് ദിവസമെങ്കിലും കസ്റ്റഡി അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അന്വേഷണം മുന്നോട്ട് പോകണമെന്ന നിലപാടാണ് കോടതിക്കും. ഇക്കാര്യം കോടതി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. വിചാരണ കോടതിയില്‍ സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി.  വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. രഹസ്യ വിചാരണ ആയതിനാല്‍ അവിടെ നടക്കുന്നതൊന്നും പുറത്ത് അറിഞ്ഞില്ല. 

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ച് പോയ സംഭവങ്ങള്‍ ഉണ്ടായത് വെറുതേയല്ല. പ്രോസിക്യൂട്ടര്‍ ഒരു ഭാഗത്തും പത്തും പതിനഞ്ചും അഭിഭാഷകര്‍ മറുഭാഗത്തും നിന്ന് പ്രോസിക്യൂഷന് കേസ് നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 

രഹസ്യവിചാരണ നടത്തുന്നത് ഇരക്ക് വേണ്ടിയാണ്. എന്നാല്‍ പ്രതി അത് തനിക്ക് അനുകൂല്യമാക്കാന്‍ ശ്രമിക്കുകയാണ്. ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമം നടത്തി. സാക്ഷി പറയാന്‍ പോയ 22 പേരില്‍ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കി രണ്ട് കേസുകള്‍ നിലവിലുണ്ട്.

കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുന്‍ വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഗൂഡാലോചന, പ്രേരണക്കുറ്റം എന്നിവ നിലനില്‍ക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. ഗൂഡാലോചന കുറ്റം നിലനില്‍ക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഡാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയാണ് നടത്തിയത്. 

എവിടെയെങ്കിലും ഇരുന്ന് രണ്ട് വ്യക്തികള്‍ തമ്മില്‍ നടത്തിയ സംഭാഷണം മാത്രമല്ല ഉണ്ടായിരിക്കുന്നത്. അതിന് അപ്പുറത്തേക്ക് ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന രണ്ട് തെളിവുകള്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് തുറന്ന കോടതിയില്‍ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ഘട്ടത്തില്‍ ക്യാമറ ഉള്‍പ്പെടെ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി എ ഷാജിയാണ് ഹാജരായത്. 

കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ കേസ്. ബാലചന്ദ്ര കുമാര്‍ പറയുന്നത് പുതിയതായി പറിഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. നാലര വര്‍ഷം ബാലചന്ദ്രകുമാര്‍ ഒന്നും മിണ്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിപ്പെട്ടതിന് ശേഷമാണ് തനിക്കെതിരേ പുതിയ കേസ്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. 

ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണമാണ്. കള്ളക്കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞു. അത് ശാപവാക്കുകളായി കണ്ടാല്‍ മതിയെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.  

ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരായത്.

Post a Comment

0 Comments