NEWS UPDATE

6/recent/ticker-posts

20 ലക്ഷം രൂപ വാഹനത്തിൽ മറന്നുവച്ചു; ഉടമയെ കണ്ടെത്തി തിരിച്ചു നൽകി, ഡ്രൈവർക്ക് ആദരവ്

ഷാർജ: ഡ്രൈവറുടെ സത്യസന്ധതയെ ആദരിച്ച് ഷാർജ ടാക്സി. വാഹനത്തിൽ മറന്നു വച്ച ഒരു ലക്ഷം ദിർഹം (ഏതാണ്ട് 20 ലക്ഷം രൂപ) ഉടമയ്ക്ക് തിരിച്ചെത്തിച്ചതാണു നൈജീരിയൻ പൗരനായ അബ്രഹാമിനെ ആദരവിനും അംഗീകാരത്തിനും അർഹമാക്കിയത്. യാത്രക്കാരൻ ഇറങ്ങിപ്പോയ ശേഷമാണ് വാഹനത്തിന്റെ പിൻസീറ്റിലുള്ള ബാഗ് അബ്രഹാം ശ്രദ്ധിക്കുന്നത്. ഉടൻ അതു ഉടമയെ കണ്ടെത്തി തിരിച്ചു നൽകാൻ സഹായിച്ചു.[www.malabarflash.com]


ഈ വിശ്വാസ്യത മാനിച്ചാണു ഷാർജ ടാക്സി എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽകിന്ദി അബ്രഹാമിനെ ടാക്സി ആസ്ഥാനത്ത് വച്ച് ആദരിച്ചത്. ഡ്രൈവറെ മാത്രമല്ല വിശ്വാസ്യത കാത്തു സൂക്ഷിക്കുന്ന ഡ്രൈവർമാരെ നിയമിക്കുന്ന കമ്പനികളെയും അൽകിന്ദി പ്രശംസിച്ചു. യാത്രക്കാർക്ക് ടാക്സി വാഹനങ്ങളിലുള്ള വിശ്വാസ്യതയും സുരക്ഷാബോധവും വർധിക്കാൻ ഇത്തരം ആത്മാർഥ സേവനങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരിച്ചെത്തിക്കാൻ ടാക്സി വാഹനങ്ങൾ നിതാന്ത ജാഗ്രത പുലർത്താറുണ്ട്. സാധനങ്ങൾ വാഹനങ്ങളിൽ മറന്നുവച്ചാൽ യാത്രക്കാർക്ക് 600525252 നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്ന് ഖാലിദ് അറിയിച്ചു.

Post a Comment

0 Comments