Top News

മദ്യപിച്ച് ഉപദ്രവം പതിവാക്കി; ഭർത്താവനെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി ഭാര്യ കൊലപ്പെടുത്തി

കൊല്ലം: മദ്യപിച്ച് ഉപദ്രവം പതിവാക്കിയ ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു. കൊല്ലം പട്ടാഴി സ്വദേശി സാബുവിനെ കൊന്ന കേസിൽ ഭാര്യ നിസയാണ് പോലീസ് പിടിയിലായത്.[www.malabarflash.com] 

നാൽപത്തിരണ്ടു വയസുകാരനായ സാബു എന്ന ഷാജഹാൻ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽ ബഹളം കേട്ട് എത്തിയ ബന്ധുക്കൾ ഷാജഹാൻ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധിക്യതര്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസ് സാബുവിന്റെ ഭാര്യ നിസയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. മദ്യപിച്ചെത്തിയ സാബു തന്നെ അക്രമിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിൽപ്പിനിടെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നെന്നും നിസ പോലീസിന് മൊഴി നൽകി. മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സാബുവിന്റെ പതിവായിരുന്നുവെന്നും സഹികെട്ടാണ് കടുംകൈ ചെയ്തതെന്നുമാണ് നിസ പോലീസിനോട് പറഞ്ഞത്.

നിസയെ റിമാൻഡ് ചെയ്തു. ഒറ്റമുറി ഷെഡിൽ ആയിരുന്നു രണ്ടു മക്കളുമൊത്ത് സാബുവിന്റെയും നിസയുടെയും താമസം. അച്ഛൻ മരിക്കുകയും അമ്മ ജയിലിലാവുകയും ചെയ്തതോടെ പതിനാലു വയസുള്ള മകളും ഏഴു വയസുകാരൻ മകനുമാണ് പ്രതിസന്ധിയിലായത്.

Post a Comment

Previous Post Next Post