NEWS UPDATE

6/recent/ticker-posts

മുഖ്യമന്ത്രിക്കും റിയാസിനുമെതിരായ അധിക്ഷേപം, ഖേദവുമായി ലീഗ് നേതൃത്വം

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുളള പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതൃത്വം. റാലിയിൽ പ്രസംഗിച്ച ചിലര്‍ നടത്തിയ അനാവശ്യ പരാമർശങ്ങൾ തളളിക്കളയുന്നതായും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.[www.malabarflash.com]


വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല. അത്തരം പരാമർശത്തിൽ ഖേദമുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കുന്നു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു.

പിന്നാലെ ഖേദം പ്രകടിപ്പിച്ച് വിവാദ പരാമര്‍ശം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തി. മതപരമായ കാഴ്ചപ്പാടാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബ്ദുറഹ്മാന്‍ കല്ലായി വിശദീകരിച്ചു.

എന്നാൽ ലീഗ് നേതാക്കൾ നടത്തിയ പരാമർശവും അണികൾ വിളിച്ച മുദ്രാവാക്യവും വലിയ രാഷ്ട്രീയവിവാദത്തിനാണ് വഴിവച്ചത്. ലീഗ് നടത്തുന്നത് ആത്മാർത്ഥതയില്ലാത്ത സമരമാണെന്നും, അണികളെ കബളിപ്പിക്കുകയാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. 

പ്രതിഷേധമുണ്ടായിരുന്നെങ്കിൽ നിയമസഭയിൽ ലീഗ് അത് പറയണമായിരുന്നു. അതുണ്ടായിട്ടില്ല. അതിന് പകരം ലീഗ് കേരളത്തിൽ മതപരമായ ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന സമ്മേളനത്തിൽ പലരും പ്രകോപനപരമായ കാര്യങ്ങളാണ് പറയുന്നത്. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തെ അധിക്ഷേപിച്ചു. ഈ നീക്കം സാമുദായിക കലാപത്തിലേക്ക് കേരളത്തെ കൊണ്ടു പോകാനുള്ള ശ്രമമാണ് - കോടിയേരി ആരോപിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന തീർത്തും അധിക്ഷേപപരമായ പരാമർശമാണ് ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി റാലിയിൽ പ്രസംഗിച്ചപ്പോൾ നടത്തിയത്. ''റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം'', എന്നീ പ്രസ്താവനകൾ അബ്ദുറഹ്മാൻ കല്ലായി നടത്തിയത് ചില്ലറ വിവാദത്തിനല്ല വഴിവച്ചത്.

മുസ്‌ലീം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണ്. മതം വിട്ട് പോവുകയാണ് എന്നാണ് ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞത്. ഇതും വിമർശനവിധേയമായി. 'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം' എന്ന അധിക്ഷേപമുദ്രാവാക്യങ്ങളും കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണറാലിയിലുയർന്നു.

''ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ച്, സമുദായത്തിന് നേരെ വന്നാല്‍ കത്തിക്കും''-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. മുന്‍മന്ത്രി കെ ടി ജലീലിനെതിരെയും മുദ്രാവാക്യമുയര്‍ന്നു.

വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് മുസ്ലിം ലീഗ് കോഴിക്കോട്ട് വഖഫ് സംരക്ഷണ റാലി നടത്തിയത്. വിഷയത്തില്‍ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിളളല്‍ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ സമസ്ത നേതാവായ അബ്ദു സമദ് പൂക്കോട്ടൂരും റാലിക്കെത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് നേതാക്കള്‍ മാത്രമാണ് റാലിയെ അഭിസംബോധന ചെയ്തത്.

അതേസമയം, വഖഫ് വിഷയത്തിൽ വെളളിയാഴ്ച നടന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണം. മുസ്ലീങ്ങളുടെ മുഴുവൻ അട്ടിപ്പേറവകാശം ലീഗിനല്ല. വഖഫ് നിയമന വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് മതസംഘടനകള്‍ക്ക് മനസ്സിലായി. ലീഗിന് മാത്രമാണ് പ്രശ്നം. ലീഗിന്‍റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും, ആകാവുന്നത് ചെയ്യൂവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിൽ പിണറായി ലീഗിനെ വെല്ലുവിളിച്ചു.

Post a Comment

0 Comments