NEWS UPDATE

6/recent/ticker-posts

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം: രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി. ജി. ജയദേവ് അറിയിച്ചു.[www.malabarflash.com]


ഗൂഢാലോചനയില്‍ പങ്കുള്ളവരാണ് അറസ്റ്റിലായ ഇരുവരുമെന്ന് എസ്.പി. പറഞ്ഞു. രണ്ടുപേരും ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകരാണെന്നും എസ്.പി. വ്യക്തമാക്കി. കേസില്‍ ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായാലേ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ. രഞ്ജിത്ത് കൊലക്കേസിലും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും എസ്.പി. പറഞ്ഞു.

രണ്ടുപേര്‍ അറസ്റ്റിലായ വിവരം എ.ഡി.ജി.പി. വിജയ് സാഖറെയും സ്ഥിരീകരിച്ചു. ഷാന്‍ കൊലക്കേസില്‍ കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്താനുള്ള വാഹനം ഏര്‍പ്പാടാക്കി നല്‍കിയതും. ഷാന്‍ കൊലക്കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരില്‍ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കൊലപാതകത്തിന് പിന്നില്‍ മറ്റ് ഗൂഢാലോചനകളുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു.

രഞ്ജിത് കൊലക്കേസില്‍ നിലവില്‍ 12 പ്രതികളാണുള്ളതെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. കൂടുതല്‍ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടാന്‍ കഴിയും. അന്വേഷണം തുടരുന്നതിനാല്‍ ചിലകാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments