Top News

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം: ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടല്‍

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.[www.malabarflash.com]

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ട് പ്രതികളേയും പോലീസ് റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്നു പറയുന്നു.

ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. മാരാരിക്കുളം പോലീസെത്തി കാര്‍ പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്കെടുത്തതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയില്‍ പോകാനെന്ന് പറഞ്ഞാണ് കാര്‍ വാടകയ്ക്ക് എടുത്തത്.

അതേസമയം ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഈ കേസില്‍ ഒരു പ്രതിയേയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post