NEWS UPDATE

6/recent/ticker-posts

മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

വാഷിങ്ടണ്‍: മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഫ്‌ളോറിഡ കേപ്‌കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്.[www.malabarflash.com] 

ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.

സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന്‍ ക്രൂ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്‌ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന്‍ ക്രൂവിന്റെ മറുപടി. തുടര്‍ന്ന് വാക്കേറ്റത്തിനോ തര്‍ക്കത്തിനോ മുതിരാതെ ആദം വിമാനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നല്‍കാന്‍ അതേരീതി തന്നെയാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്നും നേരത്തെ മറ്റുചില വിമാനങ്ങളിലും ഇതേരീതിയില്‍ യാത്രചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങളിലെ ജീവനക്കാരില്‍നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് നേരിടേണ്ടിവന്നത്. ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ എതിര്‍ക്കുകയായിരുന്നു. യുണൈറ്റഡ് വിമാനത്തില്‍നിന്ന് തന്നെ പുറത്താക്കിയതിന് പിന്നാലെ തനിക്ക് പിന്തുണ അര്‍പ്പിച്ച് മറ്റുചിലരും പുറത്തിറങ്ങിയെന്നും ആദം പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ കൃത്യമായി ഇടപെട്ട ജീവനക്കാരെ യുണൈറ്റഡ് എയര്‍ലൈന്‍സ് അഭിനന്ദിച്ചു. യാത്രക്കാരന്‍ കൃത്യമായരീതിയില്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും അക്കാര്യം മനസിലാക്കി ടേക്ക് ഓഫിന് മുമ്പ് തന്നെ ജീവനക്കാര്‍ വിഷയത്തില്‍ ഇടപെട്ടെന്നും കമ്പനി പറഞ്ഞു. പാസഞ്ചര്‍ ഇന്‍സിഡന്റ് റിവ്യൂ കമ്മിറ്റി സംഭവത്തില്‍ പുനഃപരിശോധന നടത്തുന്നത് വരെ ആദം ജെന്നെയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായും യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments