Top News

ഗുരുവായൂരിലെ ‘ഥാർ’ ലേലത്തിൽ പിടിച്ച പ്രവാസിക്കു തന്നെ; ജിഎസ്ടി അടക്കം 18 ലക്ഷം രൂപ

ഗുരുവായൂർ: ദേവസ്വത്തിൽ വഴിപാടായി ലഭിച്ച ഥാർ വാഹനം 15.10 ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച അമൽ മുഹമ്മദലിക്ക് ഇതേ തുകയ്ക്കു തന്നെ ലേലം ഉറപ്പിച്ചു നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.[www.malabarflash.com]

ലേലം പിടിച്ച അമൽ മുഹമ്മദാലിയുടെ പ്രതിനിധി സുഭാഷ് പണിക്കരെ വിളിച്ച് കൂടുതൽ തുകയ്ക്ക് വാഹനം എടുക്കാൻ തയാറാണോ എന്ന് ഭരണസമിതി അന്വേഷണം നടത്തി. എന്നാൽ 15.10 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ തയാറല്ലെന്ന് ഇവർ അറിയിച്ചതിനെ തുടർന്നാണ് ദേവസ്വം തീരുമാനം എടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തിൽ അടയ്ക്കണം.

ദേവസ്വം കമ്മിഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക അടപ്പിച്ച് റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വാഹനം കൈമാറും. യോഗത്തിൽ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി.

ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്. ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിയാണ് ലേലത്തിൽ വാഹനം സ്വന്തമാക്കിയത്. വാഹനം ലേലം ചെയ്തതിനു പിന്നാലെയാണ് കൈമാറുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തു. തുടർന്ന് ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.

ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽ‌കിയതാണ് വാഹനം. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നൽകിയത്.

Post a Comment

Previous Post Next Post