NEWS UPDATE

6/recent/ticker-posts

പാലക്കാട്ടെ ആർഎസ്എസ് നേതാവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോകുമ്പോൾ, കാറിലെത്തിയ സംഘം ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ അറസ്റ്റിലായ രണ്ടാമന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ്.[www.malabarflash.com]


കഴിഞ്ഞദിവസം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നെന്മാറ സ്വദേശിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷക് പ്രമുഖ്, എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ ആറുച്ചാമിയുടെ മകൻ സഞ്ജിത് (27) ആണു കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണു കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്കു മുന്നിൽവച്ചാണു വടിവാളുമായി ആക്രമിച്ചത്. സംഭവസ്ഥലത്തു രക്തത്തിൽ കുളിച്ചു കിടന്ന സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തിൽ 30 വെട്ടുകളുണ്ടായിരുന്നു. തലയ്ക്കേറ്റ 6 വെട്ടുകളാണു മരണകാരണമെന്നാണു നിഗമനം.

Post a Comment

0 Comments