Top News

ഫേസ്ബുക്കിലെ പരസ്യം കണ്ട് ചുരിദാര്‍ ടോപ്പ് ഓഡര്‍ ചെയ്തു; നഷ്ടമായത് ഒരു ലക്ഷം രൂപ

ശ്രീകണ്ഠപുരം: ഫേസ്ബുക്കില്‍ ചുരിദാര്‍ പരസ്യം കണ്ട് ഓഡര്‍ നല്‍കിയ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ യുവതിയാണ് ഓണ്‍ലൈന്‍‍ കെണിയില്‍ പെട്ടത്. കൂട്ടുമുഖം എണ്ണരിഞ്ഞിയിലെ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടമായത്.[www.malabarflash.com]


ഫേസ്ബുക്കിലൂടെയാണ് രജന 299 രൂപയ്ക്ക് ടോപ്പ് ലഭിക്കും എന്ന പരസ്യം കണ്ടത്. സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു പരസ്യം. ഇത് ബുക്ക് ചെയ്യുകയും രജന ഗൂഗിള്‍പേ വഴി 299 രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞും ചുരിദാര്‍ ടോപ്പ് ലഭിച്ചില്ല.

ഇതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പരസ്യത്തില്‍ കണ്ട സ്ഥാപനത്തിന്‍റെ നമ്പറില്‍ രജന ബന്ധപ്പെട്ടു. അപ്പോള്‍ വിലാസം പരിശോധിക്കുന്നതിന് മൊബൈല്‍ നമ്പറില്‍ നിന്നും കമ്പനിയുടെ നമ്പറിലേക്ക് സന്ദേശം അയക്കാന്‍ നിര്‍ദേശിച്ചു. സന്ദേശം അയച്ചതിന് പിന്നാലെയാണ് രജനയുടെ ശ്രീകണ്ഠപുരം എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നും ആറുതവണയായി ഒരു ലക്ഷം രൂപ നഷ്ടമായത്.

ആദ്യം അയച്ച 299 രൂപ അടക്കം 1,00299 രൂപ നഷ്ടമായി എന്നാണ് പരാതി. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post