NEWS UPDATE

6/recent/ticker-posts

ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’; ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖറിന്റെ ‘കുറുപ്പ്’ എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നവംബര്‍ 12ന് ദുല്‍ഖറിന്റെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഇപോള്‍ ആരാധകര്‍. ഗാനവും കുറുപ്പിലെ ദുല്‍ഖറിന്റെ ഫോട്ടോകളും സൃഷ്ടിച്ച കൗതുകങ്ങള്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.[www.malabarflash.com]


വന്‍ ഒടിടി ഓഫറുകള്‍ വേണ്ടെന്നു വെച്ചായിരുന്നു കുറുപ്പ് തിയറ്ററര്‍ റിലീസ് തെരഞ്ഞെടുത്തത്. തിയറ്ററുകളില്‍ കാണേണ്ടതു തന്നെയാണ് ചിത്രം എന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലറും. ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്. ആറു മാസങ്ങളോളം എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. 105 ദിവസങ്ങളായിരുന്നു ചിത്രീകരണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍. ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ശോഭിത ധൂലിപാലയാണ് നായിക.സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും കുറുപ്പില്‍ അഭിനയിക്കുന്നുണ്ട്.

Post a Comment

0 Comments