NEWS UPDATE

6/recent/ticker-posts

സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 4 ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

പാലക്കാട്: സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ്സുകാരായ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. വടക്കഞ്ചേരി കണ്ണമ്പ്രയിലെ ആർ വിജയനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. പ്രതികൾ രാഷ്ട്രീയ വിരോധം മൂലം ആസൂത്രിതമായി കൊലപാതകം നടത്തിയതാണെന്ന് കോടതി കണ്ടെത്തി.[www.malabarflash.com]


കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവർത്തകനായ ആർ വിജയനെ വെട്ടിക്കാലപ്പെടുത്തിയ കേസിലെ പ്രതികളും കണ്ണമ്പ്ര സ്വദേശികളുമായ നാല് ആർഎസ്എസ് പ്രവർത്തകർക്കാണ് ശിക്ഷ. ആര്‍എസ്എസ് പ്രവര്‍ത്തകരായ പടിഞ്ഞാമുറി പവന്‍ എന്ന സുജീഷ് (31), കാരപ്പൊറ്റ കൂടല്ലൂര്‍ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുന്‍ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 302 വകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

അഞ്ച് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നാലാം പ്രതിയെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. കാരപ്പൊറ്റ കുന്നുംപുറം ചാരുഷി(25)നെയാണ് വെറുതേ വിട്ടത്.

പ്രതികൾ അമ്പതിനായിരം രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രാഷ്ട്രീയ വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാൻ കഴിഞ്ഞുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം രാജേഷ് പറഞ്ഞു.

വിധിയിൽ തൃപ്തിയുണ്ടെന്ന് കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട വിജയന്‍റെ സഹോദരനുമായ കെ ആർ മോഹനനും വ്യക്തമാക്കി.

2015 മെയ്‌ മൂന്നിന്‌ വീടിന് സമീപത്തെ മരണ വീട്ടിലേക്ക് പോവുകയായിരുന്ന വിജയനെ ആർഎസ്എസ് പ്രവര്‍ത്തകർ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്ത്‌ ഉണ്ടായ സിപിഎം - ബിജെപി സംഘർഷത്തെ തുടർന്നുള്ള വിരോധമാണ്‌ വിജയനെ കൊലപ്പെടുത്താൻ കാരണം. വടക്കഞ്ചേരി സിഐയായിരുന്ന എസ്പി സുധീരന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ 2019 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. 45 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

Post a Comment

0 Comments