NEWS UPDATE

6/recent/ticker-posts

ഇ - ശ്രം രജിസ്‌ട്രേഷൻ കാർഡ് വിതരണം ആരംഭിച്ചു; രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം

തിരുവനന്തപുരം: രാജ്യത്തു അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ്  തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോർട്ടലിൽ  സംസ്ഥാനത്തു രജിസ്‌ട്രേഷൻ നടത്തിയവർക്കുള്ള കാർഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സംസ്ഥാനത്തു അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. അതിനാൽ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കുന്നതിനു അതതു ബോർഡുകൾ പരിശ്രമിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

ഇ-ശ്രം നിലവിൽ വന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് തടസമാകുമെന്ന ആശങ്ക വേണ്ട. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇ-ശ്രമിൽ രജിസ്റ്റർ ചെയ്യിക്കുവാൻ തൊഴിലാളി സംഘടനകൾ മത്സര ബുദ്ധിയോടെ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

തൊഴിൽ വകുപ്പും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു വേണ്ട സഹായം നൽകും. നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ആധാർ ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ-ശ്രം രജിസ്റ്ററേഷൻ നടത്താം. ഇതിനു www.eshram.gov.in സന്ദർശിച്ചാൽ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും പൂർണമായും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.

ആധാർ ഉൾപ്പെടുത്തിയ മൊബൈൽ ഫോൺ വഴി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാനുമാകും. രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം. ഇ-ശ്രം രജിസ്ട്രേഷനായി സംസ്ഥാനത്തു ഭിന്നശേഷിക്കാരായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും, അന്യ സംസ്ഥാന തൊഴിലാളികൾക്കും വേണ്ടി പ്രത്യേക ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇ-ശ്രം കാർഡ് രാജ്യമെമ്പാടും സ്വീകരിക്കും. പി എം എസ് ബി വൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂർണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളിൽ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 

തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കമ്മിഷണർ ഡോ. എസ്. ചിത്ര, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ: രാമചന്ദ്രൻ നായർ, അഡിഷണൽ ലേബർ കമ്മിഷണർ രൺജിത് പി മനോഹർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments