NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് ഇന്ത്യക്കാരി; കണ്ടെത്തുന്നവര്‍ക്ക് 1.20 ലക്ഷം സമ്മാനം

ദുബൈ: കാണാതായ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് 6000 ദിര്‍ഹം (1.20 ലക്ഷം ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ദുബൈയിലെ പ്രവാസി വനിത. ഇന്ത്യക്കാരിയായ റിയ സോധിയാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.[www.malabarflash.com] 

മാള്‍ട്ടീസ് ഇനത്തില്‍പെട്ട 10 വയസ് പ്രായമുള്ള നായയെ ഇക്കഴിഞ്ഞ വ്യാഴാഴ്‍ച രാത്രി മുതലാണ് ഉമ്മു സുഖൈമില്‍ നിന്ന് കാണാതായത്. കഡില്‍സ് എന്നായിരുന്നു നായയുടെ പേര്.

രാത്രിയില്‍ പതിവുള്ള നടത്തത്തിനായ വ്യാഴാഴ്‍ച ഒന്‍പത് മണിയോടെ പുറത്തുപോയ കഡില്‍സ് പിന്നീട് മടങ്ങിവന്നില്ല. ഏകദേശം 30 കിലോമീറ്റര്‍ അകലെ അല്‍ ത്വാര്‍ പ്രദേശത്തുവെച്ച് പിറ്റേദിവസം രാവിലെ നായയെ കണ്ടവരുണ്ടെങ്കിലും അതിന് ശേഷം വിവരമൊന്നുമില്ല. കഡില്‍സിനെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് ആദ്യം 1000 ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് 6000 ദിര്‍ഹമാക്കി ഉയര്‍ത്തുകയായിരുന്നു. ആരെങ്കിലും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവാസി വനിത.

നായയെ അവസാനമായി കണ്ട പ്രദേശത്ത് ഞായറാഴ്‍ച 12 മണിക്കൂറിലധികം തെരച്ചില്‍ നടത്തിയതായി റിയ പറയുന്നു. ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ വീടുകളിലും വെറ്ററിനറി ക്ലിനിക്കുകളിലും അന്വേഷിച്ചു. ഷാര്‍ജ ബേര്‍ഡ് ആന്റ് അനിമല്‍ മാര്‍ക്കറ്റിലും പോയി നോക്കി. ഓരോ ദിവസം കഴിയുംതോറും പ്രതീക്ഷകള്‍ മങ്ങുകയാണെന്നും ആരെങ്കിലും അവനെ കണ്ടെത്തി സ്വന്തമാക്കിയിട്ടുണ്ടാവുമെന്ന ഭയമുണ്ടെന്നും റിയ പറഞ്ഞു.

നായയെ കണ്ടെത്താന്‍ സഹായം തേടി നഗരത്തില്‍ പല സ്ഥലങ്ങളിലും പരസ്യങ്ങള്‍ നല്‍കി. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. നായയെ കാണാതായ ദിവസം മുതല്‍ താനും മാതാപിതാക്കളും കടുത്ത ദുഃഖത്തിലാണെന്ന് റിയ പറയുന്നു.

കാണാതായതിന്റെ പിറ്റേ ദിവസം ഒരു അറബ് വനിതയാണ് അല്‍ ത്വാര്‍ പ്രദേശത്തുനിന്ന് റിയയെ ബന്ധപ്പെട്ടത്. അല്‍ വസ്‍ല്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായയെ താന്‍ കണ്ടെത്തിയെന്ന് ട്വിറ്ററിലൂടെയായിരുന്നു അവര്‍ അറിയിച്ചത്. നായ തന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞ അവര്‍ അതിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. ഏറെ സന്തോഷത്തോടെ അവിടെ എത്തിയപ്പോഴേക്ക് അവിടെ നിന്നും അവന്‍ ഓടിപ്പോയെന്ന വാര്‍ത്ത അറിഞ്ഞത്.

വീട്ടിലുള്ളവര്‍ ഉറങ്ങുകയായിരുന്ന സമയത്ത് പകുതി തുറന്നുകിടക്കുകയായിരുന്ന ഗ്യാരേജിന്റെ ഗേറ്റ് കടന്ന് പുറത്തുപോയിട്ടുണ്ടാവുമെന്നാണ് അനുമാനം. അതിന് ശേഷം പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. പിങ്ക് കോളറും മൈക്രോ ചിപ്പും ഘടിപ്പിച്ചിട്ടുള്ള നായയെ ആരെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് റിയയുടെ കുടുംബം.

Post a Comment

0 Comments