NEWS UPDATE

6/recent/ticker-posts

മരണവീട്ടില്‍നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ കാണാതായി; ഗതാഗതക്കുരുക്ക്

അങ്ങാടിപ്പുറം: മരണവീട്ടില്‍നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ നഷ്ടപ്പെട്ടതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.[www.malabarflash.com]


ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ പൗര്‍ണമിയില്‍ അന്തരിച്ച ദേവീദാസന്റെ (68) മൃതദേഹം വെച്ചിരുന്ന ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ സ്വകാര്യ ആംബുലന്‍സിന്റെ താക്കോലാണ് നഷ്ടപ്പെട്ടത്. 

പരേതന്റെ വീട്ടിലേക്ക് ആംബുലന്‍സ് പ്രവേശിക്കാത്തതിനാല്‍ മേല്‍പ്പാലത്തിനു താഴെയുള്ള അനുബന്ധറോഡില്‍ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറോട് പെട്ടെന്ന് വണ്ടി റോഡില്‍നിന്നു നീക്കാന്‍ മാന്യമല്ലാത്തരീതിയില്‍ ചിലര്‍ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 

ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയിടേണ്ടിവന്ന സാഹചര്യം അറിയിച്ചു. പക്ഷേ, ഫ്രീസറുമായി തിരിച്ചെത്തിയപ്പോള്‍ ആംബുലന്‍സില്‍നിന്ന് താക്കോല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഫോണ്‍ നമ്പറില്‍ തിരിച്ചുവിളിച്ചെങ്കിലും താക്കോല്‍ കിട്ടിയില്ല. ഒരുമണിക്കൂറോളം റോഡില്‍ ആംബുലന്‍സ് നിര്‍ത്തിയിടേണ്ടിവന്നു. പാലത്തിനടിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 

പ്രദേശവാസികളായ മൂന്നുപേര്‍ വാഹനനിയന്ത്രണം ഏറ്റെടുക്കുകയും വണ്ടികള്‍ മറുവശത്തേക്ക് തിരിച്ചുവിടുകയുംചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ അനില്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കി. പിന്നീട് ഇലക്ട്രീഷ്യന്‍ എത്തി താക്കോല്‍ കുടുക്കുന്ന ഭാഗം വണ്ടിയില്‍നിന്ന് വേര്‍പെടുത്തിയാണ് വണ്ടി നീക്കിയത്.

Post a Comment

0 Comments