Top News

കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ  അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന്  ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി കോടതി.[www.malabarflash.com]

പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി  കണ്ടെത്തിയിരുന്നു.

2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഇയാളിൽ നിന്നും ഇവർ ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്.

തുടർന്ന് കൃത്യം നടന്ന ദിവസം പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസല്‍മയെയും അവരുടെ ഏഴുവയസുകാരൻ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്ത് ഞെരിച്ചുള്ള മരണ വെപ്രാളത്തിനിടയില്‍ ഉമ്മുസല്‍മ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. 

കൊലപാതകം, വീടുകയറി ആക്രമണം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

Post a Comment

Previous Post Next Post