Top News

ഹാജരാകാത്ത പരീക്ഷയ്ക്ക് മാര്‍ക്ക്; എംഎസ്എഫ് പ്രസിഡന്‍റ് പി കെ നവാസിനെതിരെ സർവ്വകലാശാലയ്ക്ക് പരാതി

കോഴിക്കോട്: എംഎസ്എഫ് പ്രസിഡന്‍റ്  പി കെ നവാസിനെതിരെ കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പരാതി. എല്‍എല്‍ബി ഇന്റേണൽ പരീക്ഷയ്ക്ക് ഹാജരാകാതെ കോളേജിനെ സ്വാധീനിച്ച് പി കെ നവാസ് മാർക്ക് നേടി എന്നാണ് സഹപാഠിയുടെ പരാതി. കോളേജിലെ പരാതി പരിഹാര സമിതി നവാസിന് മാർക്ക് നൽകിയത് ചട്ടം ലംഘിച്ചാണെന്നാണ് സർവ്വകലാശാലയ്ക്ക് നൽകിയ പരാതിയിലുള്ളത്.[www.malabarflash.com]


മലപ്പുറം എംസിടി കോളേജ് വിദ്യാർത്ഥിയായ പി കെ നവാസിന് എല്‍എല്‍ബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മാർക്ക് നൽകിയതിനെച്ചൊല്ലിയാണ് വിവാദം. ഇന്റേണൽ പരീക്ഷയിൽ നവാസ് ഹാജരായിരുന്നില്ലെന്ന് മാർക്ക് ലിസ്റ്റിൽ നിന്ന് വ്യക്തമാണ്. എന്നാൽ, പിന്നീട് കോളേജിലെ പരാതി പരിഹാര സമിതി നവാസിന്റെ അപേക്ഷ പരിഗണിച്ച് വൈവ പരീക്ഷ നടത്തി ഉയർന്ന മാർക്കുകൾ നൽകുകയായിരുന്നു. ഇത് യുജിസി ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഹപാഠിയായ എ പ്രദീപ് കുമാർ കാലിക്കറ്റ് സർവ്വകലാശാലയെ സമീപിച്ചത്.

ചട്ടവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നാണ് കോളേജിന്റെ നിലപാട്. 15 പേർക്ക് യൂണിവേഴ്സിറ്റി നിർദ്ദേശപ്രകാരം വീണ്ടും അവസരം നൽകിയിരുന്നതായി പ്രിൻസിപ്പൽ സിറാജുദ്ദിൻ പറഞ്ഞു. 
വൈവ പരീക്ഷയിൽ ഹാജരാകാത്തവർക്ക് കോളേജിലെ പരാതി പരിഹാരസെല്ലിന് മാർക്ക് നൽകാൻ യുജിസി ചട്ടപ്രകാരം അനുവാദമില്ലെന്നിരിക്കെ കോളേജ് മാനേജ്മെന്റ് രാഷ്ട്രീയ സ്വാധീനത്താൽ മാർക്ക് നൽകിയെന്ന ആരോപണമാണ് ബലപ്പെടുന്നത്. 

നേരത്തെ 10 വനിതാ നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയെന്ന് കാണിച്ച് നവാസിനെതിരെ പരാതി നൽകിയിരുന്നു.

Post a Comment

Previous Post Next Post