NEWS UPDATE

6/recent/ticker-posts

ഇത്തരമൊരു പൂജാരിയുടെ പ്രാര്‍ഥന ദൈവമെങ്ങനെ കേള്‍ക്കുമെന്ന് കോടതി; പീഡനക്കേസില്‍പ്രതിക്ക് ജീവപര്യന്തം

കൊച്ചി: സംരക്ഷകനായി ചമഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഹൈക്കോടതി ഐ.പി.സി. സെക്ഷന്‍ 376 (1) വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചു.[www.malabarflash.com]


പീഡനത്തിന് ഇരയായ കുട്ടിയുടെ പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാല്‍ പോക്സോ നിയമ പ്രകാരം വിചാരണക്കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സിയാദ് റഹ്‌മാനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മഞ്ചേരി പോക്സോ കോടതി പോക്സോ നിയമപ്രകാരം ജീവപര്യന്തം ശിക്ഷിച്ചതിനെതിരേ വേട്ടേക്കോട് കുഴിയേക്കല്‍ വീട്ടില്‍ മധുവാണ് (36) ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാല്‍ പോക്സോ ആക്ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെങ്കിലും പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി എന്നതിന് തെളിവുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പോക്‌സോ കോടതി ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെയും അവരുടെ മൂന്നു മക്കളെയും ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന പ്രതി സംരക്ഷിക്കാനായി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മൂത്ത മകളെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സഹോദരങ്ങളുടെ മുന്നില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ഇത്തരമൊരു പൂജാരിയുടെ പ്രാര്‍ത്ഥന എങ്ങനെയാണ് ദൈവം കേള്‍ക്കുകയെന്ന അദ്ഭുതവും കോടതി പ്രകടിപ്പിച്ചു.

ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി വിശ്വാസിക്കാനാകില്ലെന്നും പോക്സോ ആക്ട് നിലവില്‍ വരുന്ന 2012 നവംബര്‍ 14-നു മുന്‍പാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.

നിരന്തരം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും രണ്ട് സഹോദരങ്ങളെയും പ്രതിയുടെ മകനെയും മാനസിക നില തെറ്റിയ അമ്മയെയും പോലീസാണ് രക്ഷിക്കുന്നത്. പീഡനം സഹിക്കാനാകാതെ ഇവര്‍ വീട് വിട്ടിറങ്ങുകയായിരുന്നു.

ഇരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാവുന്നതാണെന്ന് കോടതി വിലയിരുത്തി. ഭക്ഷണമോ താമസിക്കാന്‍ സ്ഥലമോ ഇല്ലാതെ മൂന്നു കുട്ടികളുമായി ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മാനസിക നില മനസ്സിലാക്കാവുന്നതേയുള്ളു. ഭക്ഷണത്തിനും താമസ സ്ഥലത്തിനുമായാണ് കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായി അതിക്രമത്തിന് ഇരയായത്. സമൂഹത്തിനാകെ നാണക്കേടാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരമ്മയ്ക്കും സ്വബോധത്തോടെ ഇരിക്കാനാകില്ല.

ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെ സാധൂകരിക്കുന്ന മൊഴിയാണ് ബലാല്‍സംഗത്തിന് സാക്ഷിയാകേണ്ടി വന്ന സഹോദരന്റെ മൊഴിയും.


പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്നതിന് മെഡിക്കല്‍ തെളിവുകളും ഉണ്ട്. പ്രായം തെളിയിക്കാനായില്ലെങ്കിലും പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. രക്ഷാകര്‍ത്താവിന്റെ ചുമതലയുണ്ടായിരുന്നയാളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയതെന്നും കോടതി വിലയിരുത്തി.

Post a Comment

0 Comments