NEWS UPDATE

6/recent/ticker-posts

നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം; മൂന്നു പേർ കൂടി അറസ്റ്റിൽ

ലഖ്‌നൗ: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാര്‍ഥിനിയുടെ സഹോദരന്‍ അഭയ്, കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ഒസാമ എന്നിവരെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത മൂന്നാമത്തെയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]

സെപ്റ്റംബര്‍ 12-ന് നടന്ന നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിനി ജൂലിയെയും ഇവരുടെ മാതാവിനെയും പരീക്ഷാകേന്ദ്രത്തില്‍നിന്ന് പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം നടത്തിയത്. ക്രമക്കേടിന് പിന്നില്‍ അന്തഃസംസ്ഥാന ബന്ധമുള്ള സംഘമാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

ത്രിപുര സ്വദേശിയായ ഹിന ബിശ്വാസ് എന്ന വിദ്യാര്‍ഥിനിക്ക് വേണ്ടിയാണ് ജൂലി നീറ്റ് പരീക്ഷ എഴുതിയത്. യഥാർഥ ഹാള്‍ടിക്കറ്റിനെ വെല്ലുന്ന വ്യാജ ഹാള്‍ടിക്കറ്റും പെണ്‍കുട്ടിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ജൂലിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് പരീക്ഷാക്രമക്കേടിന് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയത്.

പരീക്ഷാ ക്രമക്കേട് നടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ ബിഹാറില്‍നിന്നുള്ള ആളാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതിനാല്‍ ബിഹാര്‍ പോലീസിന്റെ സഹായത്തോടെ വിവിധയിടങ്ങളില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ജൂലിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ഒസാമ ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്നും അതിനാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് ഫോണ്‍ കൈമാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേട് നടത്തുന്ന സംഘം രണ്ട് വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമ്പന്ന കുടുംബങ്ങളില്‍പ്പെട്ട പഠനത്തില്‍ മോശംനിലവാരം പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തുകയാണ് ഒരുസംഘത്തിന്റെ ജോലി. രണ്ടാമത്തെ സംഘം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മെഡിക്കല്‍-ഡെന്റല്‍ വിദ്യാര്‍ഥികളെയും കണ്ടെത്തും. തുടര്‍ന്ന് ഇവരുമായി ഡീല്‍ ഉറപ്പിക്കുകയാണ് രീതി.

അതേസമയം, ഇതിന്റെ കണ്ണികളായ ഒരാള്‍ക്കും സംഘത്തിന്റെ മുഖ്യതലവനെക്കുറിച്ച് ഒരു വിവരവും അറിയില്ല. ഇയാള്‍ ഒരിക്കല്‍പോലും തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവരെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ടിട്ടില്ല. നല്‍കാനുള്ള നിര്‍ദേശങ്ങള്‍ സ്വകാര്യ കുറിയര്‍ സര്‍വീസ് വഴി കൈമാറുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിപുലമായ അന്വേഷണത്തിലൂടെ ഇയാളെയും പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Post a Comment

0 Comments