NEWS UPDATE

6/recent/ticker-posts

'പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു, കച്ച മുറുക്കിയുടുത്തോളൂ'; മുന്നറിയിപ്പുമായി കെ ടി ജലീല്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവ് നല്‍കിയെന്ന അവകാശവാദത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.[www.malabarflash.com]


''സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ''-എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് തെളിവുകളും രേഖകളും കൈമാറിയതായി കെടി ജലീല്‍ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനുംകള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസില്‍തെളിവ് നല്‍കാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയെയും 7 ാം തിയ്യതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. 

ചന്ദ്രികയും ലീഗ് നേതൃത്വത്തെ മറയാക്കി ചില നേതാക്കള്‍ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും എ ആര്‍ നഗര്‍ ബാങ്ക് കള്ളപ്പണ നിക്ഷേപണ ആരോപണത്തില്‍ വ്യാഴാഴ്ച മൊഴി നല്‍കിയില്ലെന്നും ജലീല്‍ അറിയിച്ചു.

ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ കുഞ്ഞാലിക്കുട്ടി സാവകാശം തേടി.

Post a Comment

0 Comments