NEWS UPDATE

6/recent/ticker-posts

ക്ഷേത്രം പൊളിച്ചുമാറ്റുന്നതിനെതിരെ മുംസ്ലിം കുടുംബങ്ങൾ കോടതിയില്‍, സംരക്ഷിക്കുമെന്ന് കോടതിയുടെ ഉറപ്പ്

ദില്ലി: ജാമിയ നഗറിലുള്ള ഒരുകൂട്ടം മുസ്ലിം നിവാസികള്‍ പ്രദേശത്തെ ക്ഷേത്രം സംരക്ഷിക്കാനായി ദില്ലി ഹൈകോര്‍ട്ട്   വരെ പോയിരിക്കുകയാണ്. ചിലയാളുകൾ ചേർന്ന് ക്ഷേത്രത്തിനടുത്തുള്ള ഒരു ധർമ്മശാല പൊളിച്ചു. പ്രദേശത്ത് താമസിക്കുന്ന ഹിന്ദുക്കൾ സന്ദർശിക്കുന്ന ക്ഷേത്രത്തെയും ഇവര്‍ തകര്‍ക്കുമോ എന്ന ആശങ്കയാണ് കോടതിയെ സമീപിക്കാന്‍ പ്രദേശവാസികളെ പ്രേരിപ്പിച്ചത്.[www.malabarflash.com]


വളരെ കുറച്ച് ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് പ്രദേശത്ത് താമസിക്കുന്നത്. ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പതിറ്റാണ്ടുകളായി സാഹോദര്യത്തോടെ കഴിയുന്ന പ്രദേശമാണിത്. മുസ്ലിംകള്‍ക്ക് സമീപത്തെ ഹിന്ദു ആരാധനാലയങ്ങളെ കുറിച്ചും അതിന് അവര്‍ക്കിടയിലുള്ള പ്രാധാന്യത്തെ കുറിച്ചും നല്ല ബോധ്യമുണ്ട്. 

ധർമ്മശാല തർക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്ന് ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിക്കും എന്ന് തിരിച്ചറിഞ്ഞപ്പോൾ, നൂർ നഗർ  എക്സ്റ്റൻഷനിലെ മുസ്ലീം മതവിഭാ​ഗത്തിൽ പെട്ടവർ കോടതിയെ സമീപിക്കുകയായിരുന്നു. ധർമ്മശാലയുടെ ഒരു ഭാഗം ഒറ്റരാത്രികൊണ്ട് പൊളിച്ചുമാറ്റിയതായി അവർ കോടതിയെ അറിയിച്ചു. നിർമ്മാതാക്കളുടെ പിന്തുണയോടെയാണ് ആരൊക്കെയോ ചേര്‍ന്ന് അത് തകര്‍ത്തത് എന്നും അവര്‍ ആരോപിച്ചു.

റിപ്പോർട്ട് അനുസരിച്ച്, ജാമിയ നഗർ വാർഡ് നമ്പർ 206 കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫൗജുൽ അസിം (ആർഷി) -ന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ ഏക ക്ഷേത്രത്തിലെ കയ്യേറ്റവും പൊളിച്ചുമാറ്റലും സംബന്ധിച്ച് കഴിഞ്ഞയാഴ്ച നിവേദനം നൽകിയത്. തുടർന്ന് കോടതി വിഷയത്തിൽ ഇടപെട്ടു. 

കെട്ടിടനിർമ്മാതാക്കൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ച് വിൽക്കാനായി ധർമ്മശാലയുടെ ഒരു ഭാഗം ഒറ്റയടിക്ക് പൊളിച്ചുമാറ്റിയതായും അദ്ദേഹം ആരോപിച്ചു. ഇത് സംരക്ഷിക്കാൻ മുനിസിപ്പൽ കോർപ്പറേഷനും ഡൽഹി പൊലീസിനും നിർദേശം നൽകണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

'നൂർ നഗർ മുസ്ലീം ജനസാന്ദ്രതയേറിയതും മുസ്ലീംകളല്ലാത്തവരുടെ ഏതാനും വീടുകളുള്ളതുമായ ഒരു വലിയ പ്രദേശമാണ്. രണ്ട് സമുദായങ്ങളും വർഷങ്ങളായി സ്നേഹത്തോടെയും സാഹോദര്യത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്. എന്നിരുന്നാലും, ബിൽഡർമാർ രണ്ട് സമുദായങ്ങൾക്കിടയിലെ സാഹോദര്യവും ഐക്യവും തകർക്കാൻ ശ്രമിക്കുന്നു' എന്ന് അഭിഭാഷകൻ നിതിൻ സലൂജ മുഖേന സമർപ്പിച്ച ഹർജിയില്‍ പറയുന്നു. 

കയ്യേറ്റവും നിയമവിരുദ്ധമായ പൊളിച്ചുനീക്കലും സംബന്ധിച്ച് തങ്ങൾ പലതവണ പൊലീസിനെയും ദക്ഷിണ ദില്ലിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെയും വിളിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും താമസക്കാർ പറഞ്ഞു.

ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവയുടെ നേതൃത്വത്തിലുള്ള ഡൽഹി ഹൈക്കോടതി ബെഞ്ച്, പ്രദേശവാസികൾ സമർപ്പിച്ച ലേയൗട്ട്പ്ലാൻ അനുസരിച്ച് പ്രസ്തുത സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്നും, ധർമ്മശാലയുടെ ഒരു ഭാഗം ഒറ്റരാത്രികൊണ്ട് പൊളിച്ചുമാറ്റിയെന്നും ചൂണ്ടിക്കാട്ടി. ഭാവിയിൽ ക്ഷേത്ര പരിസരത്ത് അനധികൃത കയ്യേറ്റം നടക്കാതിരിക്കാൻ ദില്ലി സർക്കാർ, പോലീസ് കമ്മീഷണർ, ദക്ഷിണ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ, ജാമിയ നഗറിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരോടും കോടതി ആവശ്യപ്പെട്ടു. 

പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ ഡൽഹി പോലീസിനും കോർപ്പറേഷനും നിർദ്ദേശം നൽകിയിട്ടുമുണ്ട്. ക്ഷേത്രത്തിൽ ഒരു കയ്യേറ്റവും നടക്കില്ലെന്നും അത് സംരക്ഷിക്കപ്പെടുമെന്നും പോലീസ് കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments