Top News

മലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം; പിന്നിൽ ഭാര്യയും സുഹൃത്തുക്കളും

രാജസ്ഥാൻ: മൂന്നു വർഷം മുൻപ് രാജസ്ഥാനിലെ ജയ്സാൽമറിൽ മലയാളി ബൈക്ക് റേസർ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശി അസ്ബഖ് മോന്‍(34) ദുരൂഹസാഹചര്യത്തിൽ മരിച്ചതാണ് കൊലപാതകമെന്ന് തെളിഞ്ഞത്.[www.malabarflash.com]


സംഭവത്തിൽ അസ്ബഖിന്റെ രണ്ടു സുഹൃത്തുക്കളെ ബെംഗളൂരുവിൽനിന്നു പോലീസ് അറസ്റ്റു ചെയ്തു. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. അസ്ബഖിന്റെ ഭാര്യ സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ബെംഗളൂരുവിലെ ആർടി നഗറിൽ താമസിച്ചിരുന്ന അസ്ബഖ് മോന്‍, 2018 ഓഗസ്റ്റിലാണ് ജയ്സാൽമറിൽ എത്തുന്നത്. ഭാര്യ സുമേറ പർവേസും സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിക്, സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ഓഗസ്റ്റ് 15ന് ഷാഗഡ് ബൾജിലെ റൈഡിങ് ട്രാക്ക് പരിശോധിക്കാൻ പോയ അസ്ബഖ് സംഘവും പിറ്റേ ദിവസം അവിടെ പരിശീലനത്തിനു പോകാൻ തീരുമാനിച്ചു. എന്നാൽ 16നു പരിശീലനത്തിനു പോയ സംഘം അസ്ബഖ് ഇല്ലാതെയാണ് തിരിച്ചെത്തിയത്. മരുഭൂമിയിൽവച്ചു വഴി തെറ്റിയെന്നും അസ്ബഖിനെ കാണാത്തതിനാൽ തിരിച്ചുപോന്നെന്നുമാണ് സുഹൃത്തുക്കൾ പറഞ്ഞത്.

രണ്ടു ദിവസത്തിനുശേഷം, ഓഗസ്റ്റ് 18നാണ് അസ്ബഖ് മോന്റെ മൃതദേഹം വിജനമായ സ്ഥലത്ത് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം അസ്ബഖിന്റെ ബൈക്ക് ഒരു പോറൽ പോലുമില്ലാതെ പാർക്ക് ചെയ്തിരുന്നു. ഒരു ഹെൽമറ്റും അതിലുണ്ടായിരുന്നു. മൊബൈൽ ഫോണിനു റേഞ്ച് പോലുമില്ലാതിരുന്ന സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. 

സുഹൃത്തുക്കളുടെ മൊഴി അനുസരിച്ച്, വഴി തെറ്റിയ അസ്ബഖ് കുടിക്കാൻ വെള്ളം പോലും ലഭിക്കാതെ മരണത്തിനു കീഴടങ്ങിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അസ്ബഖിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും സഹോദരനും രംഗത്തെത്തിയതോടെ അന്വേഷണവുമായി പോലീസ് മുൻപോട്ടു പോകുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്ബഖിന്റെ പുറംഭാഗത്ത് വലിയ പരുക്കേറ്റതായി വ്യക്തമാക്കിയിരുന്നു. ഭാര്യ ഉൾപ്പെടെ സംശയങ്ങള്‍ പ്രകടിപ്പിക്കാത്തതിനാൽ പോലീസ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയിരുന്നില്ല. അമ്മയും സഹോദരനും പരാതി ഉന്നയിച്ചതോടെ പോലീസ് അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു. 

ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുന്നതിനു മുൻപ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. അസ്ബഖ് മോനും ഭാര്യയും തമ്മിൽ അന്നു മുതൽ പലകാര്യങ്ങളിലും തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.

അസ്ബഖിന്റെ മരണത്തില്‍ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് ആദ്യം മുതൽ സംശയമുണ്ടായിരുന്നതായ‌ാണ് ജയ്‌സല്‍മേര്‍ പോലീസ് മേധാവി അജയ് സിങ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സംഭവദിവസം, പരിശീലനത്തിനു പുറപ്പെടുന്നതിനു മുൻപും അസ്ബഖ് ഭാര്യയുമായി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സഞ്ജയ് ആയിരുന്നു. അസ്ബഖിന്റെ മൊബൈല്‍ ഫോണും മറ്റു സാധനങ്ങളും ഇയാള്‍ അവിടെനിന്നു കൊണ്ടുപോരുകയും ചെയ്തു.

വിശദമായ അന്വേഷണത്തിൽ, ഭാര്യയും അസ്ബഖിന്റെ സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതികൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ പ്രതികൾ ഒളിവിൽ പോയി. 

പോലീസ് നടത്തിയ ഊർജി അന്വേഷണത്തിലാണ് സഞ്ജയ്, വിശ്വാസ് എന്നിവരെ ബെംഗളൂരുവിൽനിന്നു തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ജയ്സാൽമറിൽ എത്തിച്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റുള്ളവർക്കായി അന്വേഷണം തുടരുന്നു.

Post a Comment

Previous Post Next Post