ദുബൈ: സമൂഹ മാധ്യത്തിൽ ഫോളോവേഴ്സിനെ കൂട്ടാൻ കാറിൽ നിന്ന് വ്യാജ കറൻസികൾ വലിച്ചെറിയുന്നതു വിഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് രണ്ടു പേര്‍ക്ക് ഒരു വർഷം തടവും 40 ലക്ഷം രൂപ (2 ലക്ഷം ദിർഹം) പിഴയും ദുബൈ കോടതി വിധിച്ചു.[www.malabarflash.com]
യൂറോപ്പ്യൻ പൗരനും ഏഷ്യൻ പൗരനുമാണ് ശിക്ഷ ലഭിച്ചത്. അരലക്ഷം വ്യാജ യൂറോയാണ് ഇരുവരും തങ്ങളുടെ കാറിൽ നിന്നും തൊഴിലാളികളുടെ മുന്നിലേക്കു വലിച്ചെറിഞ്ഞത്.
അൽഖൂസ് വ്യവസായ മേഖലയിലായിരുന്നു സംഭവം. വ്യാജ കറൻസി വലിച്ചെറിയുന്ന ചിത്രം പ്രതികളിലൊരാളായ യൂറോപ്പ്യൻ പൗരൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു. ഇതേ തുടർന്ന് ദുബൈ പോലീസിന്റെ സൈബർ ക്രൈം പട്രോൾ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ വലിച്ചെറിഞ്ഞത് വ്യാജ കറൻസിയാണെന്നും തിരിച്ചറിഞ്ഞു.
ഇവരുടെ കാറിന് ചുറ്റും തൊഴിലാളികൾ കൂടി നിൽക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ സംഘനമാണെന്നും നിരീക്ഷിച്ചു.
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂടാനാണ് കുറ്റകൃത്യം ചെയ്തതെന്ന് യൂറോപ്പ്യൻ പൗരനായ പ്രതി പൊലീസിന് മൊഴി നൽകി. ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ കറൻസി കള്ളക്കടത്ത് നടത്തി വിതരണം ചെയ്തതടക്കമുള്ള വൻ കുറ്റങ്ങളാണ് ഇരുവരുടെയും പേരിൽ ചുമത്തിയത്. ക്രിമിനൽ കോടതി രണ്ടു വർഷത്തെ തടവായിരുന്നു വിധിച്ചത്. ഇത് പിന്നീട് അപ്പീൽ കോടതി ഒരു വർഷമായി കുറയ്ക്കുകയായിരുന്നു.
0 Comments