Top News

ആരാധകരുടെ ചങ്കുലച്ച് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി ബാർസിലോന വിട്ടു

ബാർസിലോന: അചിന്ത്യമെന്ന് കരുതിയിരുന്നത് ഒടുവിൽ സംഭവിച്ചു. ആരാധകരുടെ ചങ്കുലച്ച് അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി ടീം വിടുകയാണെന്ന് സ്പാനിഷ് ക്ലബ് ബാർസിലോന ഔദ്യോഗികമായി പ്രഖ്യാപിച്ചു.[www.malabarflash.com]

ബാർസയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് സൂപ്പർതാരം ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാതെ പോയതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ് അറിയിച്ചത്. 

രണ്ടു പതിറ്റാണ്ടു പിന്നിട്ട ബന്ധം വിടർത്തിയാണ് മെസ്സി ബാർസ വിടുന്നത്. കരാർ കാലാവധി അവസാനിച്ചതോടെ ജൂലൈ ഒന്നു മുതൽ മെസ്സി ഫ്രീ ഏജന്റായിരുന്നു.

‘കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാർസിലോനയും ലയണൽ മെസ്സിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ ലയണൽ മെസ്സി ഇനി ബാർസിലോനയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്സി ബാർസിലോന മെസ്സിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ – പ്രസ്താവന വ്യക്തമാക്കുന്നു.

ബാർസ വിട്ട സാഹചര്യത്തിൽ ഇനി മെസ്സിയുടെ തട്ടകം ഏതായിരിക്കുമെന്ന് വ്യക്തമല്ല. വൻതുക മുടക്കി താരത്തെ ടീമിലെത്തിക്കാൻ ഏതു ക്ലബ്ബാണ് രംഗത്തെത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. മെസ്സിയുടെ അടുത്ത സുഹൃത്തു കൂടിയായ ബ്രസീലിയൻ താരം നെയ്മാർ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും മുൻ ബാർസ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കുമാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. താരത്തിന്റെ വരവ് ഉണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യത താങ്ങാൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുമെന്നതിനാലാണ് ഇത്.

13–ാം വയസ്സിൽ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വർഷത്തോളമാണ് അവിടെ തുടർന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മെസ്സി 2003ൽ തന്റെ 16–ാം വയസ്സിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ബാർസയ്‌ക്കൊപ്പമോ അതിലുപരിയോ വളർന്ന മെസ്സി, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാർസയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തു.

നേരത്തെ, ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ്ബിൽ തുടരാൻ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്.

കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മെസ്സിക്ക് ബാർസയിൽ തുടരാനാണു താൽപര്യമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോൻ ലാപോ‍ർട്ടയും പ്രതികരിച്ചിരുന്നു. ജൂലൈ ഒന്നിനു മുൻപ് പുതിയ കരാർ ഒപ്പിടാൻ ബാർസയും മെസ്സിയും ശ്രമിച്ചെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം അതിനു സാധിച്ചിരുന്നില്ല.

Post a Comment

Previous Post Next Post