NEWS UPDATE

6/recent/ticker-posts

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് 7 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും ജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുൻസിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.[www.malabarflash.com]

കണ്ണൂ‍ർ
ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനി‍ർത്തി.

വയനാട്
ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില - എൽഡിഎഫ് - 24, യുഡിഎഫ് - 10, സ്വതന്ത്രൻ - 1 എന്ന നിലയിലായി.

കോഴിക്കോട്
വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.

മലപ്പുറം
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.

മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി.മുരളീധരൻ 309 വോട്ടുകൾക്കാണ് വിജയിച്ചത്.

മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. സി.പി.എമ്മിൻ്റെ സിറ്റിം​ഗ് സീറ്റാണിത്.

മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.

കോട്ടയം
കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാ‍‍ർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോൽപ്പിച്ചത്. യുഡിഎഫ് വിമതനായി ജയിച്ച സ്വതന്ത്ര അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചതോടെ പഞ്ചായത്തിലെ കക്ഷി നില എൽഡിഎഫ് - 9, യുഡിഎഫ് - 5, ബിജെപി-2 എന്നായി.

ആലപ്പുഴ
ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആൻ്റണിയെ വിജയിയായി പ്രഖ്യാപിച്ചു. വാ‍ർഡിലെ ഇരുപാ‍ർട്ടികളും 168 വോട്ട് വീതമാണ് നേടിയത്. മുൻ കൗൺസിലറായ യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട
പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം ( 20) വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫിലെ അലക്സാണ്ടർ ഡാനിയേൽ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചത്. ഇതോടെ പഞ്ചായത്തിൽ ആകെയുള്ള 20 സീറ്റുകളിൽ എൽഡിഎഫിന് 11 സീറ്റുകളായി.

തിരുവനന്തപുരം
നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഎമ്മിലെ വിദ്യാവിജയൻ 94 വോട്ടിന് ജയിച്ചു

Post a Comment

0 Comments