Top News

മലപ്പുറത്തെ ബാങ്കിൽ 600 കോടിയുടെ കള്ളപ്പണ നിക്ഷേപം; കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമെന്ന് കെ. ടി ജലീല്‍

തിരുവനന്തപുരം: മുസ്‍ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള മലപ്പുറം എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ 300 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്നു കെ.ടി.ജലീൽ എംഎൽഎ.[www.malabarflash.com]

ഇടക്കാല റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് ജോയിന്റ് റജിസ്ട്രാർക്കു നൽകും. ആകെ 600 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇതു മുഴുവൻ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അഴിമതിപ്പണമാണെന്നു ജലീൽ ആരോപിച്ചു. ബാങ്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോൾ എക്സിക്യുട്ടിവ് ഡയറക്ടറുമായ ഹരികുമാറാണു കള്ളപ്പണ നിക്ഷേപത്തിനു കുഞ്ഞാലിക്കുട്ടിയെ സഹായിച്ചത്. സത്യം ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിൽ ഹരികുമാറിനെ അപായപ്പെടുത്താൻ നീക്കം നടന്നേക്കാം. ഹരികുമാറിനു സംരക്ഷണം നൽകണം. 

തന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണം ബാങ്ക് അധികൃതർ നിക്ഷേപിച്ചതായി കണ്ണമംഗലം സ്വദേശിനിയായ ദേവി എന്ന അങ്കണവാടി ടീച്ചർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അങ്കണവാടിക്കു ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം കിട്ടാനെന്ന പേരിലാണു ദേവിയെക്കൊണ്ട് അക്കൗണ്ട് തുറപ്പിച്ചത്. ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചപ്പോഴാണ‌ു തന്റെ അക്കൗണ്ടിൽ 80 ലക്ഷം രൂപയുണ്ടെന്നു ദേവി അറിഞ്ഞത്. 

കണ്ണൂരുകാരനായ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽഖാദർ മൗലവിയുടെ പേരിൽ 50 ലക്ഷം രൂപയുടെ നിക്ഷേപം മലപ്പുറത്തെ എആർ നഗർ ബാങ്കിലുണ്ട്. ഈ നിക്ഷേപം പിന്നീട് അമ്മുശ്രീ എന്നയാളുടെ പേരിലേക്കു മാറ്റി. 71 ആളുകളുടെ പേരിൽ വ്യാജരേഖയുണ്ടാക്കി നിക്ഷേപം നടത്തിയെന്നു സഹകരണ വകുപ്പ് കണ്ടെത്തിയതായും ജലീൽ പറഞ്ഞു.

Post a Comment

Previous Post Next Post