Top News

അന്റാര്‍ട്ടിക്കയില്‍ 4 മാസം നീണ്ട 'രാത്രി'യ്ക്ക് അന്ത്യം; വീണ്ടും സൂര്യനുദിച്ചു

അന്റാര്‍ട്ടിക്ക: നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലമവസാനിച്ചതോടെ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണപ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന വന്‍കരയില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങളുണ്ട്.[www.malabarflash.com]

നവംബറില്‍ അന്തരീക്ഷതാപനില വര്‍ധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകര്‍ തിരികെയെത്തുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യും.

നാലോ അഞ്ചോ മാസം നീണ്ടുനില്‍ക്കുന്ന രാത്രികാലത്ത് 24 മണിക്കൂറും അന്റാര്‍ട്ടിക്കയില്‍ ഇരുട്ടായിരിക്കും. ഇക്കാരണത്താല്‍ ശീതകാലത്ത് ഗവേഷണകേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകര്‍ക്ക് അസാധ്യമാണ്. താപനില അസഹനീയമായ വിധത്തില്‍ താഴുന്നതിനാല്‍ അന്റാര്‍ട്ടിക്കയില്‍ തങ്ങാതെ ഗവേഷകര്‍ മടങ്ങുകയും പിന്നീട് വേനല്‍ക്കാലമാകുന്നതോടെ തിരികെയെത്തുകയുമാണ് പതിവ്.

ദീര്‍ഘകാലം സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് തങ്ങുന്നതില്‍ ശരീരത്തിലുണ്ടാകുന്ന പ്രതികരണത്തെ കുറിച്ചുള്ള പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന ഗവേഷകരും ഇവിടെയുണ്ട്. ബഹിരാകാശയാത്രാഗവേഷണങ്ങളില്‍ ഈ പഠനം പ്രയോജനപ്പെടുത്താമെന്നതിനാലാണിത്. ഇത്തരം ഗവേഷണങ്ങള്‍ക്കായി അന്റാര്‍ട്ടിക്കയില്‍ തങ്ങുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ(ESA) ശാസ്ത്രജ്ഞര്‍ 'നീണ്ട രാത്രി'യ്ക്ക് ശേഷമുള്ള സൂര്യോദയത്തെ എതിരേറ്റു. വന്‍കരയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഇവിടെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

ഏകദേശം ആറ് മാസത്തോളമാണ് അന്റാര്‍ട്ടിക്ക ഇരുട്ടിലാവുന്നത്. വേനല്‍, ശിശിരം തുടങ്ങി രണ്ട് കാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുണ്ടാവുന്നത്. നാല് മുതല്‍ ആറ് മാസത്തോളം ഓരോ കാലവും നീളും. വേനല്‍ക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോളും താണനിലയില്‍ തന്നെ തുടരും. ശിശിരത്തില്‍ മൈനസ് 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില.

വേനലെത്തുന്നതോടെ എല്ലാ ഗവേഷണ ആസ്ഥാനങ്ങളും ശുചിയാക്കുകയും യന്ത്രങ്ങളും മറ്റുപകരണങ്ങളും സര്‍വീസ് ചെയ്യുകയും ടെന്റുകള്‍ ഉയര്‍ത്തുകയും ഊഷ്മളമാക്കുകയും ചെയ്യും. പുതിയ സംഘങ്ങള്‍ക്കെത്താന്‍ റണ്‍വേകള്‍ മഞ്ഞ് നീക്കി ഒരുക്കും. നിഗൂഢതകള്‍ ഏറെ നിറഞ്ഞ അന്റാര്‍ട്ടിക്ക ഗവേഷകര്‍ക്ക് ഒരു അദ്ഭുതമാണ്. ഇനിയുമേറെ കാര്യങ്ങള്‍ ഈ വന്‍കരയില്‍ നിന്ന് അറിയാനുണ്ട്, അതിനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.

Post a Comment

Previous Post Next Post