Top News

വിശുദ്ധ കഅബയുടെ കിസ്‌വ ഉയര്‍ത്തികെട്ടല്‍ ചടങ്ങ് പൂര്‍ത്തിയായി

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി കഅബാലയത്തെ പുതപ്പിച്ചിരിക്കുന്ന കിസ്‌വ ഉയര്‍ത്തികെട്ടല്‍ കര്‍മ്മം പൂര്‍ത്തിയായി. മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ ഉയര്‍ത്തി കെട്ടിയത്. ഉയര്‍ത്തി കെട്ടിയ കഅബയുടെ ഭാഗം മുഴുവനും തൂവെള്ള പട്ടു തുണി കൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്.[www.malabarflash.com]


ഹറം കാര്യാലയ മേധാവികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മക്കയിലെ കിസ്‌വ നിര്‍മ്മാണ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി തീര്‍ത്ഥാടകര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനാണ് കഅബയെ പുതിയ കിസ്‌വ അണിയിക്കുക. 

പുതിയത് അണിയിച്ച ശേഷം കിസ്‌വ വീണ്ടും ഉയര്‍ത്തി കെട്ടുകയും മുഹറം പകുതിക്കു ശേഷം സാധാരണ നിലയില്‍ താഴ്ത്തിയിടുകയും ചെയ്യും. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഭാഗമായി ഈ വര്‍ഷവും ഹാജിമാര്‍ക്ക് കഅ്ബാലയത്തെ തൊടുന്നതിനും ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കുന്നതിനും അനുമതിയില്ല.

ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയിട്ടില്ല. സഊദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ക്കാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post