NEWS UPDATE

6/recent/ticker-posts

കരിപ്പൂർ സ്വര്‍ണക്കടത്ത്: മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കരിപ്പൂര്‍ സ്വദേശി സജിമോന്‍, കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വര്‍ എന്നിവരെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.[www.malabarflash.com]

സംഭവദിവസം കവര്‍ച്ചാസംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത് താനാണെന്ന് സജിമോന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലും പരിസരത്തും ടാക്‌സി സര്‍വീസും മണി എക്‌സ്‌ചേഞ്ച് ബിസിനസ്സും ട്രാവല്‍സും മറ്റും നടത്തുന്ന ഇയാളുടെകൂടെ ഉണ്ടായിരുന്ന മറ്റ് സംഘങ്ങളെ കുറിച്ചും പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ സ്വര്‍ണ്ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തലവന്മാരുമായി അടുത്ത ബന്ധമുള്ള ഇയാള്‍ക്ക് സംഭവദിവസം കാരിയറായി വന്ന ഷഫീഖിന്റെ ഫോട്ടോ ഗള്‍ഫില്‍ നിന്നും ജയ്‌സല്‍ എന്നയാള്‍ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ആ ഫോട്ടോ എയര്‍പോര്‍ട്ടിനുള്ളിലെ മറ്റൊരാള്‍ക്ക് ഇയാള്‍ അയച്ചുകൊടുത്തു. ഇയാള്‍ വിമാനമിറങ്ങിയാല്‍ അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു.

അര്‍ജുന്‍ ആയങ്കി എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ഫോട്ടോയും അയച്ചിരുന്നു. കൂടാതെ, എയര്‍പോര്‍ട്ട് റോഡില്‍ അല്‍പം മാറി നിന്ന് വിവരങ്ങള്‍ യഥാസമയം ഗള്‍ഫിലേക്ക് തല്‍സമയം അറിയിച്ചുകൊണ്ടിരുന്നു. മറ്റു സംഘാഗങ്ങള്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

സജിമോന്‍ നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വര്‍ണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കാരിയര്‍മാരെ എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുകയും റസീവര്‍മാരെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തില്‍ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളില്‍ സൗകര്യമൊരുക്കി റസീവര്‍മാര്‍ക്ക് കൈമാറും. ചിലപ്പോള്‍ റസീവര്‍മാര്‍ക്ക് എത്താന്‍ വൈകിയാല്‍ ഇയാള്‍ തന്നെ സ്വര്‍ണം കൈവശംവെച്ച് എത്തുമ്പോള്‍ കൈമാറുകയാണ് ചെയ്യാറ്. വിശ്വസ്തനായ ഏജന്റായാണ് ഇയാള്‍ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

യാത്രക്കാരന്റെ ചിത്രം ഗള്‍ഫിലെ സ്വര്‍ണ്ണക്കടത്തുകാർക്ക് ഇയാള്‍ക്ക് അയച്ചുകൊടുക്കുകയോ മൊബൈല്‍ നമ്പര്‍, വണ്ടി നമ്പര്‍ തുടങ്ങിയവ കൈമാറുകയോ ചെയ്താണ് കാരിയറെ തിരിച്ചറിയുന്നത്. എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ നിന്ന് ഉദ്യോഗസ്ഥതലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും ഓഫീസര്‍മാരുമായി ഇടപാടുകള്‍ നടക്കാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥന്മാരെ കുറിച്ചും പോലീസിന് വിവരം നല്‍കിയിട്ടുണ്ട്.

താമരശ്ശേരി - കൊടുവള്ളി കവര്‍ച്ചാ സംഘത്തിലെ പല പ്രതികളുമായും സംഭവദിവസവും മുമ്പും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ജയ്‌സലിന്റെ നിര്‍ദേശപ്രകാരം ഫോണ്‍രേഖകളും മറ്റും ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സംഭവദിവസം പിടികൂടിയ രണ്ടര കിലോ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ.കെ. സലാമിന്റേയും ജലീലിന്റെയും ബന്ധുവാണ് അറസ്റ്റിലായ കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വര്‍. ഇയാള്‍ ഏകരൂരിലുള്ള ഭാര്യാവീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ കേസില്‍ 21 പേര്‍ അറസ്റ്റിലായി.

പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, സഞ്ജീവന്‍, കോഴിക്കോട് റൂറല്‍ പോലീസിലെ വി.കെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments