NEWS UPDATE

6/recent/ticker-posts

പള്ളിക്കരയില്‍ മത്സ്യത്തൊഴിലാളികളുടെ തോണികള്‍ കടലിലിറക്കുന്നതും കയറ്റുന്നതും ട്രാക്ടറില്‍

ബേക്കൽ: പള്ളിക്കര കടപ്പുറത്ത് മത്സ്യതൊഴിലാളികളുടെ തോണികള്‍ കടലിലിറക്കുന്നതും കയറ്റുന്നതും ട്രാക്ടര്‍. മനുഷ്യാധ്വാനം കുറയ്ക്കുന്ന ഈ രീതി തെക്കന്‍ കേരളത്തില്‍ നിലവിലുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ ആദ്യം പ്രാവര്‍ത്തികമായത് പള്ളിക്കരയിലാണ്.[www.malabarflash.com] 

തിരുവനന്തപുരത്ത് നിന്നാണ് ട്രാക്ടറും ഡ്രൈവര്‍മാരും എത്തിയിരിക്കുന്നത്. തോണിയുടെ ഒരു വശം തള്ളി രാവിലെ കടലിലേക്ക് ഇറക്കിവിടും. മത്സ്യബന്ധനം കഴിഞ്ഞു തിരികെ വരുന്ന തോണിയെ വടം കെട്ടി വലിച്ച് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ചെയ്യും. 

മുന്‍കാലങ്ങളില്‍ തണ്ടും വടവും ഉപയോഗിച്ച് തൊഴിലാളികള്‍ തോണി പൊക്കി എടുത്ത് കടലില്‍ ഇറക്കുകയും അതേ പോലെ തോളില്‍ എടുത്തു കരയില്‍ കയറ്റുകയുമായിരുന്നു. ഇപ്പോള്‍ വലിപ്പമുള്ള റബ്ബര്‍ കുഴലുകള്‍ മണലില്‍ നിരത്തിയിട്ട് അതിനുമുകളിലൂടെ തോണിയെ തള്ളി ഇറക്കുകയും കയറ്റുകയും ചെയ്തുകൊണ്ടിരിക്കെയാണ് പള്ളിക്കരയില്‍ യന്ത്രം എത്തിയത്. ഒരു വലിയ തോണി ഇറക്കാനും കയറ്റാനും 20 ഓളം തൊഴിലാളികളുടെ കായിക അധ്വാനം ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് യന്ത്രമായതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാകും. 

തോണികളുടെ വലുപ്പം അനുസരിച്ചാണ് കൂലി ഈടാക്കുന്നത്. കടപ്പുറത്ത് തിരകളെ വെട്ടിച്ച് തോണികള്‍ സുരക്ഷിതമായി ഇറക്കാനും കയറ്റാനും പരിശീലനം ലഭിച്ച രണ്ട് ഡ്രൈവര്‍ മാരും ട്രാക്ടറും ഒരു മാസം മുമ്പാണ് പള്ളിക്കരയിലേക്ക് എത്തിയത്. 

പള്ളിക്കര മഠം കടപ്പുറത്ത് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള തൊഴിലാളികള്‍ നേരത്തെ തന്നെ താമസം ഉണ്ട്. ഇവരാണ് ട്രാക്ടര്‍ സഹായം തേടാന്‍ മുന്നിട്ടിറങ്ങിയത്. തോണികള്‍ കടലിലിറക്കാനും കയറ്റാനും ട്രാക്ടര്‍ ലഭ്യമായത് വലിയ ആശ്വാസമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Post a Comment

0 Comments