NEWS UPDATE

6/recent/ticker-posts

മാസങ്ങൾ നീണ്ട പ്രശ്നങ്ങൾക്ക് മിനിറ്റുകൾക്കകം പരിഹാരം; അദാലത്തുമായി വ്യവസായമന്ത്രി

കൊച്ചി: 'മീറ്റ് ദ മിനിസ്റ്റർ' പരാതി പരിഹാര അദാലത്തിൽ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് വ്യവസായമന്ത്രി പി.രാജീവ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നടന്ന അദാലത്തിൽ മന്ത്രിയ്ക്കൊപ്പം വ്യവസായ വകുപ്പിന് പുറമേ മറ്റു വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.[www.malabarflash.com]

അദാലത്തിൽ ലഭിച്ച 130 പരാതികളിൽ 18 പരാതികളിൽ ഉടനടി പരിഹാരം കണ്ടെത്താൻ സാധിച്ചു. മറ്റ് പരാതികളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കും.

ജില്ലയിലെ വ്യവസായ രംഗത്തെ പരാതികൾ പരിഹരിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പ്രത്യേക ചുമതല വഹിക്കുമെന്ന് പറഞ്ഞ മന്ത്രി, റവന്യൂ സംബന്ധിച്ച പരാതികളിൽ പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ആഭിമുഖ്യത്തിൽ പരാതിപരിഹാര സംവിധാനം രൂപീകരിക്കും.

റവന്യൂ, തദ്ദേശ സ്വയംഭരണം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം പരാതികൾ ലഭിച്ചത്. ഇത്തരം പരാതികളിൽ പരിഹാരം കാണുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടർ നടപടികൾക്ക് മന്ത്രി നിർദ്ദേശം നൽകി.

പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നും ഉത്തരവാദിത്തത്തോടെയുള്ള നിക്ഷേപങ്ങളാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments