NEWS UPDATE

6/recent/ticker-posts

വൈദ്യുതി മോഷണം; പരിശോധന കർശനമാക്കി, കുമ്പളയിൽ വീട്ടുടമയ്ക്ക് 3.40 ലക്ഷം രൂപ പിഴ

കുമ്പള: ജില്ലയിൽ വൈദ്യുതി മോഷണം വ്യാപകമായതോടെ വൈദ്യുത വകുപ്പിലെ വിജിലൻസിന്റെ പരിശോധന കർശനമാക്കി. ശനിയാഴ്ച കുമ്പള സെക്‌ഷനു കീഴിലെ ഉജാർ ഉളുവാറിൽ നിന്നു വൈദ്യുതി മോഷണം കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്.[www.malabarflash.com]
 

സംഭവത്തിൽ കാസർകോട് സബ് ഡിവിഷൻ 3, 40,000 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കാൻ തയാറാകാതെ വീട്ടുകാർ അപ്പീൽ നൽകി. തുടർന്ന് കുമ്പള പോലീസിൽ അധികൃതർ പരാതി നൽകിയിട്ടുണ്ട്.

വീട്ടുടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് റജിസ്റ്റർ ചെയ്തു. വിജിലൻസ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.സഹജൻ, അസിസ്റ്റന്റ് എൻജിനീയർ ഗോപാലകൃഷ്ണൻ നായർ, കുമ്പള സെക്‌ഷൻ സബ് എൻജിനീയർമാരായ സുരേന്ദ്രൻ, സദർ റിയാസ്, ലൈൻമാൻ ബിനു മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അനധികൃതമായുള്ള വൈദ്യുതി മോഷണം കണ്ടെത്തിയത്.

ഉളുവാറിലെ അബ്ദുൽ റഹ്മാന്റെ ഇരുനില വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ തോതിൽ വൈദ്യുതി കവരുന്നതായി കണ്ടെത്തുകയും പിടികൂടുകയും ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. 

സാധാരണ നിലയിൽ മൂന്ന് സെക്‌ഷനുകളായി രേഖപ്പെടുത്തുന്ന വൈദ്യുത റീഡിങ്ങിൽ പകൽ സമയങ്ങളെ അപേക്ഷിച്ച് രാത്രികാലങ്ങളിലാണ് കൂടുതലായും വൈദ്യുതി ഉപയോഗിക്കുന്നത് എന്നാൽ രാത്രി കാലങ്ങളിലെ വൈദ്യുതി റീഡിങ് സാധാരണയിൽ നിന്നും കുറവായി രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. വൈദ്യുതി റീഡിങ് മീറ്ററിൽ നിന്നും ഒഴിവാക്കി ചേഞ്ച് ഓവർ സ്വിച്ച് ഘടിപ്പിച്ച് വൈദ്യുതി മോഷണം നടത്തുകയായിരുന്നു.

Post a Comment

0 Comments