NEWS UPDATE

6/recent/ticker-posts

‘ആറു ദിവസം: സ്വപ്‌നത്തില്‍ പോലും കരുതിയില്ല 18 കോടി ലഭിക്കുമെന്ന്’; മലയാളികളോട് നന്ദിയറിയിച്ച് മുഹമ്മദിന്റെ പിതാവ്

കണ്ണൂർ: കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച അഫ്രക്കും സഹോദരന്‍ മുഹമ്മദിനും ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ നല്‍കി സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് പിതാവ് റഫീക്ക്. ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് 18 കോടി രൂപ തുക ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് റഫീക്ക് പറഞ്ഞു.[www.malabarflash.com]


ആറു ദിവസം കൊണ്ട് ഈ തുക കിട്ടിയത്. എല്ലാവരോടും നന്ദിയുണ്ട്. കേരളത്തിലുള്ളവരോടും പുറത്തുള്ളവരോടും കടപ്പാടുണ്ട്. ഹൃദയം തൊട്ട് നിങ്ങളോട് ഞാന്‍ പറയുന്നു, നിങ്ങളെ ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റില്ല. അത്രയും വലിയ സഹായമാണ് നിങ്ങള്‍ നല്‍കിയത്. ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും തുക ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എല്ലാവര്‍ക്കും നന്ദി. എത്രയും വേഗം നല്‍കണം. അതിന് വേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. വിഷയം ചര്‍ച്ചയാക്കിയ മാധ്യമങ്ങളോടും നന്ദി.

മലയാളികള്‍ ഒന്നാകെ കൈകോര്‍ത്തതിന്റെ ഭാഗമായാണ് 18 കോടിയുടെ സഹായം റഫീക്കിന്റെ കുടുംബത്തെ തേടി എത്തിയത്. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. 

ഒന്നരവയസുകാരന്‍ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ഈ വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. ഇതാണ് ഇപ്പോള്‍ സുമനസ്സുകളുടെ സഹായത്തോടെ ഫലം കണ്ടിരിക്കുന്നത്. റഫീഖിന്റെ മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. 

ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീല്‍ചെയറില്‍ കഴിയുന്ന അഫ്ര മുഹമ്മദിന്റെ സ്ഥിതിയിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

Post a Comment

0 Comments