NEWS UPDATE

6/recent/ticker-posts

നേരത്തേ തിരിച്ചറിഞ്ഞാൽ 18 കോടി വേണ്ട; ഇത് എസ്എംഎയെ തോൽപ്പിച്ച ദമ്പതികൾ

കാസർകോട്: ‌ക്രൗഡ് ഫണ്ടിങ്ങിൽ 18 കോടി രൂപ സമാഹരിച്ചതിലൂടെ ശ്രദ്ധ നേടിയ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗത്തെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയ ദമ്പതിമാരുണ്ട് കാസർകോട്ട്.[www.malabarflash.com]

കോളിയടുക്കം കുന്നിൽ ഹൗസിലെ റഹ്മത്തുല്ലയും ഭാര്യ സഫിയത്ത് ഷിബിലയും. എസ്എംഎ രോഗത്തെ ഇവർ കീഴടക്കിയ പേരാണ് സറൂൺ റഹ്മത്തുല്ല. ‌ജനിക്കുന്ന കുട്ടികൾക്കെല്ലാം വൈകല്യമുണ്ടാകുമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ കുഞ്ഞിനെ ദത്തെടുക്കാൻ വരെ ആലോചിക്കുന്ന വേളയിലാണ് ആധുനിക വൈദ്യശാസ്ത്രം ഇവരെ സഹായിച്ചത്.

2014 ഓഗസ്റ്റ് 31 നാണ് ഇവർ വിവാഹിതരായത്. ഒന്നര വർഷത്തിനുള്ളിൽ കുടുംബത്തിൽ സന്തോഷം നിറച്ച് ആദ്യ കുട്ടി ജനിച്ചു. ആൺ കുഞ്ഞായിരുന്നു. പക്ഷേ സന്തോഷം അധികം നീണ്ടില്ല. 4 മാസം കഴിഞ്ഞിട്ടും കുട്ടിയുടെ കഴുത്ത് ഉറയ്ക്കാത്തതിനാൽ കാസർകോട്ടെ പ്രമുഖ ചൈൽഡ് സ്പെഷലിസ്റ്റിനെ കാണിച്ചു. എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ ഡോക്ടർ മണിപ്പാൽ സ്വകാര്യാശുപത്രിയിലെ ഡോക്ടറെ കാണിക്കാൻ നിർദേശിച്ചു. 

എട്ടു മാസത്തിനുള്ളിൽ കുട്ടി മരിച്ചു. ദമ്പതിമാരെ ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് എസ്എംഎ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈദ്യശാസ്ത്രവും ഡോക്ടർമാരും നിസ്സഹായരായി കൈമലർത്തി.

രണ്ടു പേരിലും എസ്എംഎ സാന്നിധ്യമുള്ളതിനാൽ ജനിക്കാൻ പോകുന്ന കുട്ടികൾക്കെല്ലാം വൈകല്യം ഉണ്ടാകുമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. അങ്ങനെയിരിക്കെയാണ് ബന്ധുവായ യുവതി തൃശൂർ കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയെക്കുറിച്ച് പറയുന്നത്. എല്ലാം കൈവിട്ട ഘട്ടത്തിൽ ലഭിച്ച ഏക പിടിവള്ളിയിൽ പിടിച്ച് കയറാൻ തന്നെ ഇവർ തീരുമാനിച്ചു. അങ്ങനെ 2017 ൽ ആശുപത്രിയിലെത്തി ചികിത്സ തുടങ്ങി.അങ്ങനെ 2020 മാർച്ച് 22 ന് സഫിയത്ത് ഷിബ്‌ല മകന്‌ സറൂണിനു ജന്മം നൽകി. ഇപ്പോൾ സറൂണിന് ഒന്നര വയസ്സ്.

Post a Comment

0 Comments