Top News

സുന്ദരയുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു; കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസറകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ അന്വേഷണസംഘം സുന്ദരയുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. ഫോണ്‍ വാങ്ങിയ നീര്‍ച്ചാലിലെ മൊബൈല്‍ കടയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചതില്‍ നിന്നും സുന്ദരക്ക് ഫോണ്‍ നല്‍കിയ ആളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞതായാണ് വിവരം.[www.malabarflash.com]


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ പണത്തിനൊപ്പം ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയെന്ന് പറയപ്പെടുന്ന സ്മാര്‍ട്ട്‌ഫോണാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.


സുന്ദരയുടെ കൈയ്യില്‍ നിന്നും ലഭിച്ച ഫോണ്‍ അന്വേഷണത്തിന് കൂടുതല്‍ സഹായകരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സുന്ദരക്ക് ഫോണ്‍ കൈമാറിയ ബിജെപി പ്രവര്‍ത്തകരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോണ്‍ വാങ്ങിയ നീര്‍ച്ചാലിലുള്ള മൊബൈല്‍ കടയിലെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചതില്‍ നിന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.

ഇതിനിടെ സുന്ദരയുടെ അമ്മയുടെയും, ബന്ധുവിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി സുന്ദരുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. വാണിനഗറിലെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അമ്മയുടെ മൊഴിയെടുത്തത്. വ്യാഴാഴ്ച്ചയാണ് സുന്ദരയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post