Top News

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പോലീസ് ഓഫീസറെയും ഭാര്യയെയും വീട്ടില്‍ കയറി വെടിവച്ചുകൊന്നു

ജമ്മുവിലെ വ്യോമസേന വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. സ്‌പെഷ്യല്‍ പോലീസ് ഓഫീസറെയും ഭാര്യയെയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ദമ്പതികളുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം നടന്നത്.[www.malabarflash.com]


വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഫയാസിനും കുടുംബത്തിനും നേരെ വെടിയുതിര്‍ക്കുകായായിരുന്നു. സംഭവത്തിന് പിന്നില്‍ ഭീകരവാദികളാണെന്നാണ് കശ്മീര്‍ സോണ്‍ പോലീസ് നല്‍കുന്ന വിവരം. പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവും മരിക്കുകയായിരുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞതായും ഭീകരരെ പിടികൂടുന്നതിന് തെരച്ചില്‍ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു.

വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്ടാമത്തെ സംഭവം. വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്. ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നേരിയ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് രണ്ടാമത്തെ സംഭവം.

അതിനിടെ, വ്യോമസേന നിയന്ത്രണത്തിലുളള ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിനായി ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം ഭീകരാക്രണമണമെന്ന് ജമ്മു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുസംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണ് ജമ്മുവിലേത് എന്നാണ് നിഗമനം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നിയന്ത്രിച്ചത്. രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കളാണ് ഒരോ ഡ്രോണും വര്‍ഷിച്ചതെന്നാണ് കണക്ക് കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നൂറ് മീറ്റര്‍ ഉയരത്ത് നിന്ന് മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നുമാണ് കണക്കുകൂട്ടുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും പതിനേഴ് കിലോമീറ്റര്‍ മാറിയാണ് ജമ്മു വ്യോമസേന വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കള്‍ അയച്ചത് ഇന്ത്യയ്ക്ക് അകത്ത് നിന്നാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ മേഖലയ്ക്ക് സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. രണ്ട് പേര്‍ക്ക് നിസാരമായ പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി. അവന്തിപ്പുര, പഠാന്‍തോട്ട് ശ്രീനഗര്‍ എ്ന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post