Top News

17 ദിവസത്തെ ഇടവേളയില്‍ സഹോദരിമാര്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍; സ്ത്രീധനപീഡനമെന്ന് ആരോപണം

മൈസൂരു: സഹോദരിമാരെ 17 ദിവസത്തെ ഇടവേളയിൽ ഭർത്തൃവീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിനായുള്ള ഭർത്തൃവീട്ടുകാരുടെ പീഡനം കാരണമാണ് മക്കൾ മരിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുർ താലൂക്കിലാണ് സംഭവം.[www.malabarflash.com]


കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. യഥാക്രമം ജൂൺ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. നാലു പെൺമക്കളാണ് ഉദയ്ക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

ഹാസൻ വനിതാ ഫസ്റ്റ് ഗ്രേഡ് സർക്കാർ കോളേജിൽ ജേണലിസം വിദ്യാർഥിനിയാണ് സൗന്ദര്യ. വിവാഹത്തിന് സൗന്ദര്യക്ക് താത്‌പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഗിഗ്ഗെരി നിവാസി ഉമേഷാണ് സൗന്ദര്യയുടെ ഭർത്താവ്. തുമകുരു നഗരത്തിലെ സരസ്വതിപുരം നിവാസിയായ പെട്രോൾ പമ്പ് ജീവനക്കാരൻ നാഗരാജുവിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്.

സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഉദയ് ആരോപിച്ചു. സൗന്ദര്യയുടെയും ഭർത്താവിന്റെയും ജാതി വ്യത്യസ്തമായതിനാൽ മകളെ ഭർത്തൃവീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ചിരുന്നെന്നും ഉദയ് ആരോപിക്കുന്നു. സ്ത്രീധനത്തിനുവേണ്ടി ഭർത്തൃവീട്ടുകാർ ഐശ്വര്യയെയും സൗന്ദര്യയെയും പീഡിപ്പിച്ചിരുന്നെന്ന് ആരോപിച്ച് ഉദയ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post