NEWS UPDATE

6/recent/ticker-posts

വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റ് വൃദ്ധ ദമ്പതിമാര്‍ മരിച്ചു

പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മറ്റാരും സഹായത്തിനില്ലാതെ താമസിക്കുന്ന വയോധിക ദമ്പതിമാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്. റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവന്‍ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.[www.malabarflash.com]


സംഭവത്തിൽ   പോലീസ് അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി. വ്യാഴാഴ്ച രാത്രിയാണ് റിട്ടേര്‍ഡ് അധ്യാപകനായ കേശവനും ഭാര്യ പദ്മാവതിയും കൊല്ലപ്പെട്ടത്. രണ്ടു പേരെയും വെട്ടിയും കുത്തിയും അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ദമ്പതികളെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേശവനേയും പദ്മാവതിയേയും ആക്രമിച്ച മുഖംമൂടി സംഘം ഇവരുടെ കൃഷിയിടത്തിലൂടെ ഓടിരക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസിൻ്റെ അനുമാനം. രണ്ട് പേര്‍ ഓടിപ്പോകുന്നത് നാട്ടുകാരിൽ ചിലരും കണ്ടിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് കൃത്യം നടന്നത്. വീടിൻ്റെ മുകൾ നിലയിൽ വച്ചാണ് കേശവന് കുത്തേറ്റത്. ഇതു കണ്ട നിലവളിച്ച പദ്മാവതി താഴേക്ക് ഇറങ്ങി ഓടി.

താഴെ വച്ചാണ് പദ്മാവതിയെ അക്രമികൾ വെട്ടിയത്. പദ്മാവതിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ അക്രമിസംഘം ഇറങ്ങി ഓടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മുഖംമൂടിയിട്ട രണ്ട് പേരാണ് തങ്ങളെ വെട്ടിയതെന്ന് പദ്മാവതി പറഞ്ഞത്.

മോഷണം ലക്ഷ്യമിട്ടാവാം ദമ്പതികളെ ആക്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. രണ്ട് നിലകളാണ് വീടിനുള്ളത്. രണ്ടാം നിലയിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെ ജോലിക്കെത്തിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും. 

വീടിൻ്റെ രണ്ടാം നിലയിലേക്ക് പുറത്തെ സ്റ്റെയര്‍ കേസ് വഴി മാത്രമേ പ്രവേശിക്കാനാവൂ. ജില്ലാ പോലീസ് മേധാവി സ്ഥലത്ത് എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരുടെ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

അതേസമയം മോഷണത്തിനിടെ നടന്ന കൊലപാതകമായിരിക്കാമെന്ന പോലീസ് നിഗമനം കൊലപ്പെട്ട കേശവൻ്റെ ബന്ധുക്കൾ തള്ളിക്കളയുന്നു. എട്ട് മണി സമയത്ത് ആക്രമണം നടന്നതാണ് കൊലപാതകത്തിന് മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്നതിന് അടിസ്ഥാനമായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വീട് നിലനിൽക്കുന്ന സ്ഥലം വിജനമായ പ്രദേശത്താണെന്നും റോഡിൽ നിന്നും വീട്ടിലേക്ക് 300 മീറ്ററിലെറെ ദൂരമുള്ളതും പോലീസ് ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments