Top News

വാക്സിനേഷൻ കേന്ദ്രത്തിൽ വന്നാൽ മതി; കോവിൻ ആപ്പിൽ നേരത്തേ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്സീനെടുക്കാൻ കോവിൻ ആപ്പിൽ നേരത്തേ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സർക്കാർ. 18 വയസ്സിനു മുകളിലുള്ള ആർക്കും ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലെത്തി കോവിൻ ആപ്പിൽ റജിസ്റ്റർ ചെയ്യാം. ഓൺലൈനിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിർബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.[www.malabarflash.com]


ഗ്രാമങ്ങളിൽ ഉൾപ്പെടെ വാക്സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെട‍ുപ്പിക്കാനുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വാക്സീൻ എടുക്കണോയെന്ന ആളുകളുടെ സംശയം ലോകമാകെയുള്ള പ്രതിഭാസമാണെന്നും ശാസ്ത്രീയമായി പഠിച്ചു പരിഹരിക്കേണ്ടതാണെന്നും സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വാക്സിനേഷനിൽനിന്ന് ഒഴിവാകാൻ ചിലയിടങ്ങളിൽ ആളുകൾ ശ്രമിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണു നടപടികൾ ലഘൂകരിച്ചത്.

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യയിൽ കൂടുതലുള്ള 18-44 പ്രായക്കാർക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്നതു കോവിഡ് നിയന്ത്രണങ്ങൾ നീക്കാനും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കാനും നിർണായകമാണെന്നാണു വിദഗ്ധരുടെ നിർദേശം. നിലവിൽ ജനസംഖ്യയുടെ 3.3 ശതമാനം പേർക്കു മാത്രമേ വാക്സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ.

Post a Comment

Previous Post Next Post