NEWS UPDATE

6/recent/ticker-posts

വീട്ടുകാരറിയാതെ യുവതിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ച് യുവാവ്; പാലക്കാട്ടെപ്രണയകഥ ഇങ്ങിനെ...

പാലക്കാട്: കാണാതായ പതിനെട്ടുകാരിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ നാട്ടുകാരും പോലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിപ്പുണ്ടായിരുന്നു.[www.malabarflash.com]


മൂന്നുമാസം മുന്‍പ് വീട്ടില്‍ നിന്നു കാണാതായ യുവാവിനെ കഴിഞ്ഞ ദിവസം വീട്ടുകാര്‍ കണ്ടെത്തിയതോടെയാണു സംഭവം പുറത്തായത്. പ്രായപൂര്‍ത്തിയായ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുന്നതായി മൊഴി നല്‍കിയെന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍ പറഞ്ഞു.

2010 ഫെബ്രവരി രണ്ട് മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ളവരെയെല്ലാം പോലീസ് ചോദ്യം ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. ചോദ്യം ചെയ്തവരുടെ കൂട്ടത്തില്‍ ഒളിവില്‍ താമസിപ്പിച്ച യുവാവും ഉണ്ടായിരുന്നു. മൂന്നുമാസം മുന്‍പ് വരെ യുവതി ഇയാളുടെ മുറിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ചെറിയ വീട്ടിലെ ഒറ്റമുറിയില്‍ ശുചിമുറി പോലുമില്ല. വീട്ടിലുള്ള അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു പെരുമാറ്റം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചുവന്നു. പുറത്തിറങ്ങുമ്പോഴെല്ലാം മുറി പൂട്ടിയിടുമായിരുന്നു. മുറിയുടെ വാതില്‍ പൂട്ടുന്നതിനു തുറക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

ജനാലയിലെ പലകകള്‍ നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി സമയത്ത് ആരുമറിയാതെ പുറത്തുകടന്ന് ശുചിമുറിയില്‍ പോകുമെന്നുമാണു ഇവര്‍ പോലീസിനു നല്‍കിയ മൊഴി. മൊഴികളിലെ വ്യക്തതയ്ക്കായി പോലീസ് സ്ഥലം സന്ദര്‍ശിച്ചു.

2021 മാര്‍ച്ച് മൂന്നിനാണ് യുവാവിനെ കാണാനില്ലെന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മൂന്നു മാസത്തെ അന്വേഷണത്തില്‍ തുമ്പൊന്നും പോലീസിനു കിട്ടിയിരുന്നില്ല.
 
3 മാസം മുൻപ് കാണാതായ റഹിമാൻ എന്ന യുവാവിനെ സഹോദരൻ ബഷീർ ഇന്നലെ നെന്മാറയിൽവച്ച് കാണുന്നു. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹിമാൻ ടിപ്പർ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി. പിന്നാലെ ബഷീറും. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെന്മാറയിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്കുനിന്ന പോലിസുകാരോട് ആ ബൈക്ക് യാത്രികന്റെ പേരിൽ ചില കേസുകളുണ്ടെന്നും പിടിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു.

പോലിസ് റഹിമാനെ പിടികൂടി കാര്യങ്ങൾ തിരക്കി. നിങ്ങളെന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ എന്നു ചോദിച്ച് റഹിമാൻ ബഷീറിനോട് കയർത്തു. വീട്ടിൽ നിന്നിറങ്ങി പോയതിനെക്കുറിച്ചു ചോദിച്ചപ്പോൾ എനിക്കൊരു പെണ്ണുണ്ട്. വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന് മറുപടിയും പറഞ്ഞു. പിന്നീടാണ് ആർക്കും വിശ്വസിക്കാനാവാത്ത ആ 10 വർഷങ്ങളെക്കുറിച്ച് റഹിമാൻ പറഞ്ഞത്.

അന്നു കാണാതായ സജിതയെ താലി കെട്ടി റഹിമാൻ അന്നു രാത്രി സ്വന്തം വീട്ടിലെ സ്വന്തം മുറിയിൽ താമസിപ്പിച്ചു. ഒളിജീവിതത്തിനായി പിന്നെ റഹിമാൻ നടത്തിയതെല്ലാം സിനിമാക്കഥയെ വെല്ലും തിരക്കഥ. ഇലക്ട്രിക് കാര്യങ്ങളിൽ അഗ്രഗണ്യനായ റഹിമാൻ മുറിയ്ക്കകത്തും പുറത്തും പുതിയ ചില സിസ്റ്റങ്ങൾ ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാൽ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പൽ ഘടിപ്പിച്ചു. രണ്ടു വയറുകൾ മുറിയ്ക്ക് പുറത്തേക്കിട്ടു. മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി.

തന്റെ കാര്യങ്ങൾ താൻ നോക്കും ഒന്നിലും ഇടപെടേണ്ട എന്ന മട്ടിലായി കാര്യങ്ങൾ. മുറിയ്ക്ക് പുറത്തേക്കിട്ട വയറുകൾ തൊട്ടാൽ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങൾക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി. ജനൽ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേർത്തുപിടിപ്പിച്ചു. കുടുംബത്തൊടൊപ്പമിരുന്ന് ഇന്നുവരെ ഭക്ഷണം കഴിയ്ക്കാൻ റഹിമാൻ തയാറായിരുന്നില്ല. ആവശ്യമായത് പ്ലേറ്റിൽ വിളമ്പി മുറിയിൽ കൊണ്ടുചെന്ന് സജിതയ്ക്കൊപ്പമിരുന്ന് കഴിക്കും. ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗിൽ ചായ എടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നൽകി. അത് റഹിമാൻ തരംപോലെ മുതലാക്കുകയും ചെയ്തു. ആരും ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല. മാതാപിതാക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഒരേസമയം ജീവിച്ചു.

വീടിനു പുറത്തിറങ്ങുമ്പോൾ മുറിയുടെ വാതിൽ പൂട്ടിയിടും. മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. മകൾ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ച ആ മാതാപിതാക്കൾക്കും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാൽ ഇത്രയും കാലം വെറും നുറു മീറ്റർ അപ്പുറത്ത് കൺമുന്നിൽ നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും ഉണ്ട് അവർക്ക്. അപ്പോഴും പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീൽ ഈ തിരക്കഥ എങ്ങനെ പ്രാവർത്തികമായി എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളിൽ സജിതയും ഒളിജീവിതത്തിന്റെ ഭീതിയോടെ റഹിമാനും ജീവിച്ചു തീർത്തത്.

വര്‍ഷങ്ങൾക്കിപ്പുറം ഇരുവരെയും കണ്ടപ്പോൾ നാട്ടുകാർ ചോദിച്ച ചോദ്യവും അതാണ്. ഇക്കാലത്ത് എന്തിനായിരുന്നു ഈ സാഹസം. അന്നു തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിൽ നടപടിയാവുന്ന കേസല്ലേ ഉണ്ടായിരുന്നുള്ളൂ... അതെ അത്രയേ ഉണ്ടായിരുന്നുള്ളൂ റഹിമാനേ..

ഒരുമിച്ചു താമസമാണെന്നും പരാതിയില്ലെന്നും പറഞ്ഞതോടെ കാണാതായെന്ന കേസുകള്‍ അവസാനിപ്പിക്കാന്‍ ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും ഇരുവരും വിത്തനശേരിയിലെ വീട്ടിലേക്കു മടങ്ങി.

Post a Comment

0 Comments