NEWS UPDATE

6/recent/ticker-posts

കോവിഡ്​ ബാധിച്ചെന്നറിഞ്ഞ്​ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ടുവയസ്സുകാരൻ മരിച്ചു; അന്ത്യകർമ്മങ്ങൾ നടത്തിയത്​ വാർഡ്​ ബോയ്​

റാഞ്ചി: കോവിഡ് സ്ഥിരീകരിച്ച രണ്ട്​ വയസ്സുള്ള ആൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു. കുട്ടി മരിച്ച ശേഷവും അവ​രെ കണ്ടെത്താൻ ആശു​പത്രി അധികൃതർക്ക്​ കഴിഞ്ഞില്ല. തുടർന്ന്​ കുട്ടിയുടെ അന്ത്യകർമ്മങ്ങൾ ചെയ്​തത്​ ആശുപത്രിയിലെ വാർഡ്​​ ബോയ് ആണ്​​. ഝാർഖണ്ഡിലെ റാഞ്ചിയിലാണ്​ ഈ കരളലിയിക്കുന്ന സംഭവം നടന്നത്​.[www.malabarflash.com]


ഝാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്​ (റിംസ്) കുട്ടി മരിച്ചത്​. ബിഹാറിലെ ജാമുയി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മേയ് പത്തിന് രാത്രി വൈകിയാണ് അവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് വാര്‍ഡില്‍ ചികിത്സയിലിരിക്കെ കുട്ടിക്ക്​ ന്യുമോണിയ ആണെന്ന്​ സ്​ഥിരീകരിച്ചെന്ന്​ ആശുപത്രിയിലെ ശിശുവിഭാഗം തലവൻ ഡോ. ഹീരേന്ദ്ര ബിറുവ പറഞ്ഞു. തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ ബാധയും സ്​ഥിരീകരിച്ചു.

കോവിഡ് പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായെന്ന്​ ആശുപത്രി അധികൃതര്‍ പറഞ്ഞു. മേയ് 11ന് ഉച്ചകഴിഞ്ഞ്​ മൂന്നോടെയാണ്​ കുട്ടി മരിക്കുന്നത്​. അതിനുശേഷംആശുപത്രിയില്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ മാതാപിതാക്കളെബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്ന് ദിവസം കാത്തിരുന്ന ശേഷം ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നെന്ന്​ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആശുപത്രിയിലെ വാര്‍ഡ് ബോയ് രോഹിത് ബേഡിയ ആണ്​ കുട്ടിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്​. 'മാതാപിതാക്കൾ ഉപേക്ഷിച്ച്​ പോയതിനാൽ ആ കുഞ്ഞിന്‍റെ അന്ത്യകര്‍മ്മം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. എന്നോട് അക്കാര്യം ആവശ്യപ്പെട്ടയുടന്‍ തന്നെ മടിച്ചുനില്‍ക്കാതെ ഞാൻ തയാറായി'- രോഹിത്​ പറഞ്ഞു.

Post a Comment

0 Comments