Top News

‘ഉപ്പയോട് പറഞ്ഞിരുന്നു കിട്ടുന്ന പണം അതെത്ര ആയാലും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്’; വാക്സിൻ ചലഞ്ചിന് പ്രചോദനമായി ഒമ്പതാം ക്ലാസുകാരി, കേരളാ മോഡല്‍

കോഴിക്കോട്: ചാലിയത്തെ ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡ് സ്കൂൾ വിദ്യാർത്ഥിനിയായ ഹർഷിയ ഭാനുവെന്ന വിദ്യാർത്ഥിനി മുഖ്യമന്ത്രിയുടെ വാക്സിൻ നിധിയിലേക്ക് നൽകിയ സംഭാവന ഏറെ പ്രചോദനം നൽകുന്നതാണ്.[www.malabarflash.com]


തനിക്ക് ലഭിച്ച ചെറിയ തുക വാക്‌സിനെടുക്കാൻ പണമില്ലാത്തവർക്ക് നൽകാനാണ് ഹർഷിയ തീരുമാനിച്ചത്. സ്കൂളിലെ അധികാരികളെ അദ്ഭുതപ്പെടുത്തിയ പ്രവർത്തിയായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടേത്.

സംഭവത്തെക്കുറിച്ച് അധ്യാപിക വിവരിക്കുന്നത് ഇങ്ങനെ
29/04/2021 എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു കുട്ടികളെല്ലാവരും സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. യൂണിഫോം ധരിച്ച ഒരു കുട്ടി മാത്രം ഓഫീസിനടുത്തു വീട്ടിൽ പോവാതെ കയ്യിലൊരു കവറും പിടിച്ചു നിൽക്കുന്നു. അവളുടെ അടുത്തെത്തി എക്സാം കഴിഞ്ഞില്ലേ മോളെന്താ വീട്ടിലേക്ക് പോകാത്തതെന്നു ചോദിച്ചതേ ഓർമ്മയുള്ളൂ.

പെട്ടെന്നായിരുന്നു അവളുടെ ഉത്തരം. ടീച്ചർ ഞാൻ പത്താം ക്ലാസ്സിൽ അല്ല.
ഞാൻ ഫാത്തിമ നിദ എന്ന കുട്ടിക്ക് വേണ്ടി സ്ക്രൈബ് ആയി വന്നതാണ്. എന്റെ പേര് ഹർഷിയ ഭാനു. ഞാൻ 9C. യിൽ പഠിക്കുന്നു. പരീക്ഷ എഴുതി കൊടുത്ത വകയിൽ എനിക്കു കിട്ടിയതാണ് ഈ കവറിൽ ഉള്ളത്. അതെനിക് വേണ്ട. ഈ പണം മുഖ്യമന്ത്രി യുടെ വാക്‌സിൻ ചാലഞ്ചിൽ എനിക്കു കൊടുക്കണം.

മോളെ ഇത് നീ വീട്ടിൽ പറഞ്ഞിട്ടുണ്ടോ.
വീട്ടിൽ അറിഞ്ഞാൽ ഉപ്പ എന്തെങ്കിലും പറയുമോ. ഇല്ല. ഉപ്പയോട് പറഞ്ഞിരുന്നു കിട്ടുന്ന പണം അതെത്ര ആയാലും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണെന്ന്.

നിന്റെ ഉപ്പാക്ക് എന്താണ് ജോലി എന്നു കൂടി ചോദിച്ചപ്പോൾ അവൾ വളരെ സന്തോഷത്തോടെ, കടുക്ക പണിയാണ് ഇപ്പോ കൊറോണ അല്ലേ. ഇടക്കൊക്കെയേ ജോലി ഉണ്ടാകൂ എന്നു കൂടി പറഞ്ഞു. ഇത് കൊടുക്കുന്നതിൽ എനിക്കു സന്തോഷം മാത്രേ ഉള്ളൂ ടീച്ചർ.

ഇതെത്ര ഉണ്ടെന്നു നിനക്കറിയോ?

ഇല്ല ടീച്ചർ ഞാൻ തുറന്നു നോക്കിയിട്ടില്ല.

അത് കേട്ടതും അവളുടെ ആ വല്യ മനസ്സിനെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് എന്നറിയില്ലായിരുന്നു. തന്റെ കുടുംബത്തിലെ പരാതീനകൾക്കിടയിലും

കോവിഡ് എന്ന മഹാമാരിയെ ഒട്ടും ഭയക്കാതെ പരീക്ഷ തുടങ്ങിയ ദിവസം മുതൽ സ്കൂളിൽ വന്നു ആത്മാത്ഥതയോടെ താൻ ചെയ്ത ജോലിയുടെ പ്രതിഫലം ഇങ്ങനെ ഒരു പ്രവർത്തിക്കു വേണ്ടി ഉപയോഗിച്ച ഈ വിദ്യാർത്ഥി ദേശീയ തായ്‌ക്കൊണ്ടോ ചാമ്പ്യനും പഠനകാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മിടുക്കി കൂടിയാണ്..

പണം സ്കൂൾ പ്രധാന അധ്യാപികക്ക് കൈമാറി അവൾ വീട്ടിലേക്ക് മടങ്ങുമ്പോൾ കൂടി നിന്നവരുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു..

Post a Comment

Previous Post Next Post